സ്മാർട്ട് മീറ്റർ: ടെൻഡറിലേക്ക് കടക്കാൻ കെഎസ്ഇബി
Friday, July 19, 2024 1:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ കേന്ദ്രാനുമതി ലഭിച്ചതിനു പിന്നാലെ സ്മാർട്ട് മീറ്ററുകൾ വാങ്ങാനുള്ള ടെൻഡറിലേക്ക് കടക്കാൻ കെഎസ്ഇബി.
ആദ്യഘട്ടത്തിൽ മൂന്നു ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനാണ് കെഎസ്ഇബി തീരുമാനം. 2025 ൽ കേരളത്തിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ട്രേഡ് യൂണിയനുകളുടെ അടക്കം ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ച സ്മാർട്ട് മീറ്റർ പദ്ധതി കാപ്പെക്സ്(കാപ്പിറ്റൽ എക്സ്പെൻഡിച്ചർ) മാതൃകയിലാണ് നടപ്പിലാക്കുന്നത്. ഇതു പ്രകാരം സംസ്ഥാനം തന്നെ കരാർ വിളിച്ച് പണം മുടക്കിയാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുക.
ഇതിനുള്ള അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ആദ്യപടി പിന്നിട്ടു. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തിന് 4000 കോടി രൂപയുടെ കേന്ദ്ര സഹായം ലഭിക്കും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 15 ശതമാനം തുകയും കേന്ദ്ര സർക്കാർ നൽകും.