ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടു കിലോമീറ്റര്‍ താഴെ കണിപറമ്പില്‍ സ്കറിയയുടെ പറമ്പില്‍ മരക്കൂട്ടങ്ങള്ക്കിടയില്നിന്നാണു മാത്യുവിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വടകര ആര്‍ഡിഒ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തു. തറവാടുവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു പണി നടക്കുന്ന വീട്ടില്‍ കൊണ്ടുവന്നത്. ഓടിട്ട പഴയ തറവാട് വീടിനു പകരം പുതിയ വീടിന്റെ നിര്‍മാണത്തിലായിരുന്നു അദ്ദേഹം.
രണ്ടു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ പുതിയ വീട് തന്റെ സ്വപ്നമാണെന്നു സുഹൃത്തുക്കളോടു മാത്യു പറഞ്ഞിരുന്നു. വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് എല്ലാ ദിവസവും വന്നിരുന്നു. മഴയായതിനാല്‍ ചില ദിവസങ്ങളില്‍ എത്താറില്ലെന്നു മാത്രം. മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി.സംസ്കാര ശുശ്രൂഷുകള്ക്കു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്കി.
പൊതു സമ്മതനായ മാത്യു ജാതി-മത ഭേദമെന്യേ പ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യക്തിത്വമായിരുന്നു. ജനകീയ വിഷയങ്ങളില്‍ എപ്പോഴും മുന്നിലായിരുന്നു മാത്യുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഭാര്യ: ഷൈനി. മക്കള്‍: അഖില്‍ മാത്യു, അജില്‍ മാത്യു (ഇരുവരും കാനഡ ).