467 ഹെക്ടറാണ് മുണ്ടക്കൈ തോടിന്റെ വൃഷ്ടിപ്രദേശം. തോട് വെള്ളരിമല സ്കൂളിന് ഒരു കിലോമീറ്റർ മുകളിലാണ് 863 ഹെക്ടർ വൃഷ്ടിപ്രദേശത്തുനിന്നു വെള്ളം ഒഴുകിവരുന്ന തോടുമായി ചേരുന്നത്. ഇവിടെയുണ്ടായ അതിശക്തമായ വെള്ളക്കുത്താണ് പുഴ ഗതി മാറി പുഴയോരത്തും സമീപത്തുമുള്ള അനേകം വീടും വിദ്യാലയവും ചൂരൽമല അങ്ങാടിയും തകർത്തെറിയുകയും ഒരു പ്രദേശംതന്നെ ഇല്ലാതാക്കുകയും ചെയ്തത്.
മുണ്ടക്കൈ വനത്തിനു താഴെ തോട്ടങ്ങൾ മുണ്ടക്കൈ വനഭാഗത്തിനു താഴെ കാപ്പി, ഏലം തോട്ടങ്ങളും മറ്റു ചരിവുകളിൽ തേയിലത്തോട്ടങ്ങളുമാണ്. ഉരുളൻപാറ നിറഞ്ഞ തോടിന് പലയിടങ്ങളിലും ആഴം കുറവായതിനാൽ കാലവർഷങ്ങളിൽ കരകവിയുന്നത് സാധാരണയാണ്. പുത്തുമല, ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതിദുരന്തങ്ങൾക്ക് കാലവർഷത്തിലെ മഴയുടെ സ്വഭാവം നിർണായക ഘടകമായിട്ടുണ്ട്.
ഒരു ഘനമീറ്റർ മണ്ണിന് രണ്ട് ടണ്‍ ഭാരം കളിമണ്ണു കലർന്ന കറുത്ത ലാറ്ററൈറ്റ് മണ്ണാണ് മുണ്ടക്കൈയിലേത്. മണ്ണിനകത്ത് ചെറുസുഷിരങ്ങൾ ധാരാളമുള്ളതിനാൽ ജലാഗിരണം കൂടുതലായിരിക്കും. തീവ്രമഴ പെയ്യുന്പോഴുള്ള അതിമർദത്തിൽ മണ്ണിൽ സംഭരിച്ച വെള്ളം അതിവേഗം താഴേക്ക് തള്ളപ്പെടും. അതുവഴി താഴെയുള്ള ഉറച്ച പ്രതലത്തിൽനിന്നു മേൽമണ്ണിന് സ്ഥാനഭ്രംശം സംഭവിക്കും. ഇത്തരത്തിലുള്ള പ്രതിഭാസമാണ് മുണ്ടക്കൈയിൽ സംഭവിച്ചത്.