മൃതദേഹ ഭാഗങ്ങള്‍ നിലമ്പൂരില്‍ സംസ്കരിക്കും നിലമ്പൂര്‍: മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍നിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങള്‍ കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലമ്പൂരില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇത്തരത്തില്‍ മറവ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലമ്പൂര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്ത് മലപ്പുറം കളക്ടറേറ്റില്‍നിന്ന് നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചു.
അതനുസരിച്ച് മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ 72 മണിക്കൂര്‍ സൂക്ഷിക്കേണ്ടിവന്നാല്‍ നിലമ്പൂരില്‍തന്നെ സംസ്കരിക്കും. എന്നാല്‍ തിരിച്ചറിയേണ്ട ആവശ്യത്തിന് നിലവില്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വയനാട്ടിലേക്കാണ് കൊണ്ടുപോകുന്നത്.
അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാൻ സോഫ്റ്റ്വേർ കൽപ്പറ്റ: വയനാട് ദുരിതബാധിതർക്കായി ശേഖരിക്കുന്ന സാധന സാമഗ്രികൾ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇആർപി (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സോഫ്റ്റ്വേറിന്റെ സഹായം.
സമാഹരണ കേന്ദ്രങ്ങളിലേക്കെത്തുന്ന സാധനങ്ങളുടെ ഇൻപുട്ട് വിവരങ്ങളും ക്യാന്പുകളിലേക്കുള്ള വിതരണത്തിന്റെ ഔട്ട്പുട്ട് വിവരങ്ങളും ഈ സോഫ്റ്റ്വേർ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലാണ് സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രം. ഇവിടെയാണ് ഇൻപുട്ട് രേഖപ്പെടുത്തുന്നത്. സോഫ്റ്റ്വേർ മുഖേന കളക്ഷൻ സെന്ററിലേക്ക് ആവശ്യമായവ മനസിലാക്കി എത്തിക്കാൻ കഴിയും.
മുഴുവൻ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോർട്ട്, അത്യാവശ്യ സാധനങ്ങൾ, സ്റ്റോക്ക് കുറവുള്ള സാധനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിൽനിന്നും അറിയാം. വിതരണകേന്ദ്രത്തിലെ സുതാര്യത ഉറപ്പാക്കുന്നതോടെ വസ്തുക്കൾ പാഴാകാതെ ക്യാന്പുകളിലെ ആവശ്യാനുസരണം വേഗത്തിൽ എത്തിക്കാൻ കഴിയും. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫെയർകോഡ് ഐടി കന്പനിയാണ് സോഫ്റ്റ്വേർ സജ്ജമാക്കിയത്. രജിത്ത് രാമചന്ദ്രൻ, സി.എസ്. ഷിയാസ്, നിപുണ്‍ പരമേശ്വരൻ, നകുൽ പി. കുമാർ, ആർ. ശ്രീദർശൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.