ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് ടൗണ്‍, ഉരുട്ടി പാലം, മരിച്ച കുളത്തിങ്കൽ മാത്യുവിന്റെ വീട്, മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാന്പുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഇന്നലെ രാവിലെ സന്ദർശനം നടത്തി. ഇപ്പോൾത്തന്നെ എംപി, എംഎൽഎ, എന്നിവരുടെ പക്കൽ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തും വാഗ്ദാനമായി മുന്നോട്ടു വന്നിട്ടുണ്ട്. ഇതെല്ലാംകൂടി ഒരു ഏകജാലക സന്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സർട്ടിഫിക്കറ്റുകൾ അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാന്പിൽ കഴിയുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ അടിയന്തരമായി ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഓണ്‍ലൈൻ പഠനം ഏർപ്പെടുത്തണമെങ്കിൽ അതു ചെയ്യും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. വിലങ്ങാട് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്നും ദുരന്തത്തെ അതിന്റെ എല്ലാ അർഥത്തിലുമാണ് കാണുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.