സ്പിരിറ്റ് പിടികൂടിയ കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ ജീവനൊടുക്കി
Friday, September 13, 2024 1:23 AM IST
മുതലമട: തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞദിവസം എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4,950 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ പ്രതിയെന്നു സംശയിക്കുന്നയാൾ ജീവനൊടുക്കി. വയനാട് ചാലിപ്പറമ്പ് സ്വദേശി സബീഷ് ജേക്കബ് (41) ആണ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.
20 വർഷത്തിലധികമായി സബീസ് ചെമ്മണാമ്പതി അണ്ണാനഗറിൽ മാവ്, തെങ്ങ് തോട്ടങ്ങളിൽ മാനേജരായി ജോലി ചെയ്തുവരികയാണ്. ഇയാൾ 2023ൽ 4,818 ലിറ്റർ സ്പിരിറ്റ് കൈവശംവച്ച കേസിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വൈകുന്നേരം ആറിനാണ് 4,950 ലിറ്റർ സ്പിരിറ്റ് ഡെപ്യൂട്ടി കമ്മീഷണർ എം. രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘംപിടികൂടിയത്. ഈ സമയം സബീഷ് തമിഴ്നാട്ടിലായിരുന്നുവെന്നു പറയുന്നു. പണിക്കാരൻ ഗണേശനാണ് അർധരാത്രിയോടെ സബീഷിനെ അവശനിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്പിരിറ്റ് പിടിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണു സൂചനയെന്നു കൊല്ലംകോട് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
മുതലമട സ്വദേശി ജിൽജിയാണ് ഭാര്യ. അമ്മ മോളി ചാക്കോ. പിതാവ് പരേതനായ ജേക്കബ്. വിദ്യാർഥികളായ അബിൽ (10) ആദിൽ (എട്ട്) എന്നിവരാണ് മക്കൾ. സബീഷിന്റെ മൃതദേഹം സംസ്കാരത്തിനായി വയനാട്ടിലേക്കു കൊണ്ടുപോയി.