അൻവറിന്റെ ആരോപണം ശരിയെങ്കിൽ അത് മൗലികാവകാശങ്ങളുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണെന്നാണ് രാജ്ഭവൻ കരുതുന്നത്. അൻവറും ഫോണ്ചോർത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. അത് രാജ്യദ്രോഹ പ്രവർത്തനമായി മാത്രമേ കാണാനാകൂവെന്നതിനാൽത്തന്നെ നടപടികൾ കടുപ്പിക്കേണ്ടിവരുമെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്.
17 വരെ സർക്കാർ ഓഫീസുകൾക്ക് അവധിയായതിനാൽ അതുകഴിഞ്ഞേ ഇക്കാര്യം സർക്കാർ പരിഗണിക്കാനിടയുള്ളൂവെന്നാണ് കരുതുന്നത്. ഡൽഹിയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ 17നു മടങ്ങിയെത്തും. സീതാറം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിക്ക് പോയി ഇന്നു മടങ്ങിയെത്തും.
കേസന്വേഷണത്തിന്റെ ഭാഗമായി ഫോണ്ചോർത്താൻ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഫോണ് ചോർത്തൽ നടത്തിയിട്ടുള്ളതെന്നാണ് അൻവറിന്റെ ആരോപണം. മലപ്പുറത്ത് മോഹൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനെ എസ്പി സുജിത് ദാസ് ഫോണ്ചോർത്തലിനായി നിയോഗിച്ചിരുന്നെന്ന് അൻവർ ആരോപിച്ചിരുന്നു.