പള്‍സര്‍ സുനിയുടെ യാത്ര ആഡംബര കാറുകളിൽ
Wednesday, October 2, 2024 4:10 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നിന്നു ജാമ്യം നേടി പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആഡംബര വാഹനങ്ങളിലെ യാത്രയ്ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്ന് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും അന്വേഷണം തുടങ്ങി.
ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനി വിചാരണയ്ക്കടക്കം കോടതിയിലെത്തുന്നത് ആഡംബര വാഹനങ്ങളിലാണ്. സെപ്റ്റംബര്‍ 26ന് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടാംഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് 30 ലക്ഷം രൂപ വില വരുന്ന കിയ കാര്‍ണിവല്‍ കാറിലായിരുന്നു.
തൊട്ടടുത്ത ദിവസം 16 മുതല്‍ 20 ലക്ഷം രൂപ വില വരുന്ന കുട്ടനാട് രജിസ്ട്രേഷനിലുള്ള കെഎല്‍ 66 ഡി 4000 ഥാര്‍ ജീപ്പിലാണ് കോടതിയില്‍ എത്തിയത്.
സുനിയുടെ പെരുമ്പാവൂർ കോടനാട്ടെ വീടും പോലീസ് നിരീക്ഷണത്തിലാണ്. ഒരൊറ്റ സിം മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ സുനില്‍ പാലിക്കുന്നുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
അടുത്ത ബന്ധുവിന്റെ പേരിലുള്ള സിമ്മില്‍നിന്ന് സുനി പലരെയും ബന്ധപ്പെടുന്നുണ്ടെന്നാണു വിവരം. എറണാകുളം സബ് ജയിലില്‍നിന്ന് ഏഴരവര്‍ഷത്തിനു ശേഷം ഇക്കഴിഞ്ഞ 20ന് രണ്ടു ലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്. ഇക്കാലയളവിൽ സ്വന്തം അഭിഭാഷകന് വഴിയാണ് ഓരോ തവണയും കോടതിയിലെത്തിയത്.
പത്താം തവണയും അപേക്ഷ തള്ളിയ ഹൈക്കോടതി തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിന് സുനിക്ക് 25,000 രൂപ പിഴ ചുമത്തുകയുണ്ടായി. സാമ്പത്തിക സഹായവുമായി സുനിക്കു പിന്നില്‍ ആരൊക്കെയോ ഉണ്ടെന്ന ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു.