വയനാട്: കേന്ദ്രസഹായത്തിൽ ഇപ്പോഴും ശുഭപ്രതീക്ഷ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കുമെന്നു ശുഭപ്രതീക്ഷ തന്നെയാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വേഗത്തിൽ ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് ടി. സിദ്ദിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ഈ വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിച്ചിട്ടുണ്ട്.എന്നാൽ അധിക അടിയന്തര സാന്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടല്ല. പുനരധിവാസത്തിന്റെ ഭാഗമായി ഭാവിയിൽ രണ്ടാമത്തെ നില കൂടി പണിയുന്നതിനു സൗകര്യമുള്ള രീതിയിൽ 1000 ചതുരശ്രയടിയുള്ള ഒറ്റനില വീടുകളാണ് ടൗണ്‍ഷിപ്പുകളിൽ നിർമിക്കാനുദ്ദേശിക്കുന്നത്.
പുനരധിവാസ പാക്കേജിൽ ജീവനോപാധികളും ഉറപ്പാക്കും. വനിതകൾക്ക് അവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം നല്‍കും. കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും പാക്കേജിന്റെ ഭാഗമായി പരിഗണിക്കും.
രണ്ടു ടൗണ്‍ഷിപ്പിലും കൂടി ഏകദേശം 1000 വീടുകൾ പണിയുവാനാണു ലക്ഷ്യം വയ്ക്കുന്നത്.എന്നാൽ ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ പാർക്കുന്ന കുടുംബങ്ങളുടെ സന്പൂർണ പുനരധിവാസം വേണ്ടിവരുന്ന എണ്ണം പൂർണമായി തിട്ടപ്പെടുത്തിയതിനു ശേഷം കൂടുതൽ വീടുകൾ നിർമിക്കേണ്ടി വന്നാൽ അതിനുള്ള പ്രത്യേക പദ്ധതികൾ തയാറാക്കും.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിർദേശിച്ചിട്ടുള്ള പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ നിർമാണങ്ങളും നടത്തുന്നത്. സർവേ നടപടികൾക്കായി ടെൻഡർ ക്ഷണിച്ചു. സർക്കാർ അനുമതി ലഭ്യമായശേഷം ഒരാഴ്ചക്കകം പദ്ധതികൾ ടെൻഡർ ചെയ്യും.
ഡിസംബർ 31 ഓടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുവാൻ സാധിക്കും എന്ന് കരുതുന്നു.ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷ രൂപ വരെ വിനിയോഗം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ദുരിതാശ്വാസത്തിനായി തുക വിനിയോഗിക്കുന്നതു സംബന്ധിച്ച് പ്രത്യേകം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.