പെരുമാറ്റച്ചട്ടം മൂലം പുനരധിവാസം വൈകില്ല: മന്ത്രി കെ. രാജൻ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനാൽ വയനാട് പുനരധിവാസപ്രവർത്തനങ്ങൾ ഉപതെരഞ്ഞെടപ്പു പെരുമാറ്റച്ചട്ടം മൂലം വൈകില്ലെന്നു റവന്യുമന്ത്രി കെ. രാജൻ. ദുരന്തനിവാരണ നിയമപ്രകാരമുള്ള പ്രവർത്തനങ്ങൾക്കു പെരുമാറ്റച്ചട്ടം ബാധകമല്ല.
ഇതു സംബന്ധിച്ച് ടി. സിദ്ദിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെരുമാറ്റച്ചട്ടം വന്നാൽ പുനരധിവാസ പ്രവർത്തനങ്ങൾ അനന്തമായി നീളുമെന്ന് ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ദുരന്തത്തിൽ പ്പെട്ടവരിൽ 47 പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടാനുണ്ടെന്നാണു കരുതപ്പെടുന്നത്. തെരച്ചിൽ ഇനിയും തുടരണമെന്നു ബന്ധുക്കൾക്ക് ആവശ്യമുണ്ടെങ്കിൽ അതിനു തയാറാണ്. ഉരുൾപൊട്ടൽ സംബന്ധിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആകട്ടെ റെഡ് അലർട്ട് നൽകിയത് ദുരന്തത്തിനു ശേഷമാണ്. പുതിയ അപേക്ഷകർ വരുന്നതിനാലാണ് നഷ്ടപരിഹാരവും മറ്റും എല്ലാവർക്കും കിട്ടിയില്ലെന്ന പരാതി ഉയരുന്നത്.
തുടക്കത്തിൽ കണ്ടെത്തിയ ദുരിതാശ്വാസക്യാന്പിൽ കഴിഞ്ഞ എല്ലാവർക്കും സഹായധനം ലഭിച്ചിട്ടുണ്ട്. ഇനിയും പുതിയ അപേക്ഷകർ ഉണ്ടെങ്കിൽ പരിശോധിച്ചു നടപടിയെടുക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.