നാക് എ ++ തിളക്കത്തിൽ പൊങ്ങം നൈപുണ്യ കോളജ്
Wednesday, December 11, 2024 1:22 AM IST
അങ്കമാലി: കൊരട്ടി പൊങ്ങം നൈപുണ്യ കോളജിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് നിർണയിക്കുന്നതിനുള്ള ദേശീയ ഏജൻസിയായ നാഷണൽ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് അംഗീകാരം.
പാഠ്യ, പാഠ്യേതര വിഷയങ്ങളും അധ്യയനമികവും സാമൂഹിക തലത്തിലെ നേട്ടങ്ങളും വിലയിരുത്തിയാണ് ഗ്രേഡിംഗ് നൽകിയിട്ടുള്ളത്. സാമൂഹികരംഗത്തെ സവിശേഷ ഇടപെടലുകളും കോളജിന്റെ മികവുയർത്തിയെന്ന് കൗൺസിൽ വിലയിരുത്തി.
കേരളത്തിലെ സെൽഫ് ഫിനാൻസ് കോളജുകളിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കോളജാണു നൈപുണ്യ. കാലിക്കട്ട് യൂണിവേഴ്സിറ്റി അഫിലിയേഷനോടെ തൃശൂർ ജില്ലയിൽ കൊരട്ടി പഞ്ചായത്തിലാണ് നൈപുണ്യ കോളജ് പ്രവർത്തിക്കുന്നത്.
ശാരീരിക വൈകല്യങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നവർക്കായി വർഷങ്ങളായി നടത്തിവരുന്ന സ്നേഹസംഗമം, കൊരട്ടി പഞ്ചായത്തിലെ 22 ഓളം ഇൻസ്റ്റിറ്റ്യൂഷനുകളെ ദത്തെടുത്തുള്ള പ്രവർത്തനങ്ങൾ, ഒറ്റപ്പെട്ട വൃദ്ധജനങ്ങൾക്കുള്ള പകൽവീട്, കൊരട്ടി പഞ്ചായത്തിന്റെ സഹകരണത്തോടെ 47 പ്രോജക്ട് സർവെ, കന്പ്യൂട്ടർ സാക്ഷരതയ്ക്കായി ഇ-അസിസ്റ്റ് പദ്ധതി, കൃഷിയുടെ ബാലപാഠങ്ങൾ വിദ്യാർഥികൾക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള കൃഷിവകുപ്പിന്റെ ഗ്രാന്റോടുകൂടിയ കാമ്പസ് പദ്ധതികൾ, ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുന്നതിന് എക്സൈസ് വകുപ്പിന്റെയും മോട്ടോർ വെഹിക്കിൾ വകുപ്പിന്റെയും ബോധവത്കരണ ക്ലാസുകൾ, ആന്റി റാഗിംഗ് സെൽ, കാമ്പസിലെ വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന കാന്റീനിന്റെ പ്രവർത്തനം, കാന്റീൻ വേസ്റ്റിൽനിന്നുള്ള ഗോബർ ഗ്യാസ് ഉത്പാദനം, മഴവെള്ള സംഭരണി, സോളാർ എനർജി ഉപയോഗിച്ചു കാമ്പസിന്റെ വൈദ്യുതീകരണം, വിദ്യാർഥികൾക്ക് ഒഴിവുസമയ വരുമാനമാർഗം വികസിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നാക് വിലയിരുത്തിയിരുന്നു.
പ്രഗത്ഭരായ 80ഓളം അധ്യാപകരും 1500ഓളം വിദ്യാർഥികളുമാണ് നൈപുണ്യയിലുള്ളത്. പ്രിൻസിപ്പൽ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കലിന്റെ നേതൃത്വത്തിൽ അസി. ഡയറക്ടർമാരായ ഫാ. ജിമ്മി കുന്നത്തൂർ, ഫാ. ടോണി മാണിക്കത്താൻ എന്നിവരുടെ ടീമാണ് നൈപുണ്യയുടെ സാരഥികൾ.