പഞ്ചായത്ത് ക്ഷമത നിർമാണ് സർവോത്തം സൻസ്ഥാൻ അവാർഡ് കിലയ്ക്ക്
Wednesday, December 11, 2024 1:22 AM IST
തൃശൂർ: ദേശീയ പഞ്ചായത്തീരാജ് മന്ത്രാലയം പ്രഖ്യാപിച്ച പഞ്ചായത്ത് ക്ഷമത നിർമാണ് സർവോത്തം സൻസ്ഥാൻ അവാർഡിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) അർഹമായി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ കില ഒന്നാംസ്ഥാനത്തെത്തി. ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡ് സമ്മാനിക്കും.
പരിശീലനം ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും വികസനവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ശതമാനം, പരിശീലന പഠനകേന്ദ്രത്തിലെ ഫാക്കൽറ്റികൾ/ എം പാനൽ ചെയ്ത റിസോഴ്സ് പേഴ്സണ്‍സ്/മാസ്റ്റർ ട്രെയ്നർമാർ/ ഉദ്യോഗസ്ഥർ എന്നിവർ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ വിവിധ വിഷയങ്ങളിൽ പരിശീലനം നേടിയതിന്റെ ശതമാനം, സുസ്ഥിരവികസന ലക്ഷ്യങ്ങളെ സംബന്ധിച്ച് പഞ്ചായത്ത് വികസനപദ്ധതി തയാറാക്കുന്നതിൽ പഞ്ചായത്തുകൾക്കു സൗകര്യമൊരുക്കാൻ സ്ഥാപനം നടത്തുന്ന ശ്രമങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണു അവാർഡു നിർണയിക്കപ്പെട്ടത്.