യുവാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണം: ചെന്നിത്തല
Wednesday, December 11, 2024 1:22 AM IST
തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയിൽ യുവാക്കൾക്കൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നതായി എനിക്ക് അറിയില്ല. പലർക്കും അസംതൃപ്തി ഉണ്ടായേക്കാം. ചാണ്ടി ഉമ്മന്റെ അതൃപ്തി എന്താണെന്ന് അറിയില്ല. വാർത്തയിൽ വരുന്ന വിവരങ്ങൾ മാത്രമാണ് അറിയാവുന്നത്.
ചാണ്ടി ഉമ്മനുമായി സംസാരിക്കും. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. ഇടതു സർക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാക്കളുടെ പ്രകടനങ്ങൾ തമ്മിൽ വിലയിരുത്താൻ ഞാനില്ല- മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പത്രസമ്മേളനത്തിൽ അറിയിച്ചു.