മുനമ്പം : വിവാദ പ്രസ്താവനകൾ ദുരൂഹമെന്ന് കെആർഎൽസിസി
Wednesday, December 11, 2024 1:22 AM IST
കൊച്ചി: മുനന്പം പ്രദേശത്തെ വഖഫ് അവകാശവാദത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നുവരുന്ന വിവാദ പ്രസ്താവനകൾ ദുരൂഹമാണെന്ന് കെആർഎൽസിസി.
മുനന്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ സന്പൂര്‍ണമായും ശാശ്വതമായും പുനഃസ്ഥാപിക്കുക എന്നതു മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധിക്കു പരിഹാരം. മുനമ്പം -കടപ്പുറം ഭൂപ്രദേശത്ത് 610 കുടുംബങ്ങൾ വില കൊടുത്തു വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാടാണു കെആർഎൽസിസിക്കുള്ളത്.
ഫറൂഖ് കോളജിന് ഭൂമി ലഭ്യമാകുന്ന കാലയളവിൽ നിലനിന്നിരുന്ന വഖഫ് നിയമത്തിന്റെയും കൈമാറ്റത്തിനായുള്ള നിയമാനുസൃത രേഖയിലെ ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ ഈ ഭൂപ്രദേശം വഖഫ് ഭൂമി അല്ലെന്ന് അസന്നിഗ്ധമായി തന്നെ വ്യക്തമാകുന്നുണ്ട്.
ഇനിയും ഇതു വഖഫ് ഭൂമിയാണെന്ന ചിലരുടെ അവകാശവാദം അപ്രസക്തമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിലും സമുദായ വക്താവ് ജോസഫ് ജൂഡും വ്യക്തമാക്കി.