മത്സ്യകര്‍ഷക ഇന്‍ഷ്വറന്‍സിന് പുതുവര്‍ഷത്തില്‍ തുടക്കമാകും
Wednesday, December 11, 2024 1:23 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: മത്സ്യകര്‍ഷകര്‍ക്കായി പ്രധാനമന്ത്രി മത്സ്യകിസാന്‍ സമൃദ്ധി സഹയോജന ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങുന്നു. നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ അക്വാകള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് ദേശീയതലത്തില്‍ ആദ്യം നടപ്പാക്കുന്നത് ചെമ്മീന്‍ കൃഷിയിലാണ്.
തുടര്‍ന്നു മറ്റിനം മത്സ്യകൃഷികളിലേക്കു വ്യാപിപ്പിക്കും. ഇതിനു മുന്നോടിയായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡും ചേര്‍ന്നു തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഇന്‍ഷ്വറന്‍സ് മേളകള്‍ പുതുവര്‍ഷത്തില്‍ നടത്തും.
നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ (എന്‍എഫ്ഡിപി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ കര്‍ഷകരാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുടെ ഒറ്റത്തവണ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടത്. തുടക്കത്തില്‍ നാലു ഹെക്ടര്‍ വരെ ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ജനറല്‍ വിഭാഗക്കാര്‍ക്കു പ്രീമിയത്തിന്റെ 40 ശതമാനം തുക (ഹെക്ടറിന് 25,000 രൂപ) നാലു ഹെക്ടറിനു ഒരു ലക്ഷം വരെയാണ് ആനുകൂല്യം. വനിതകള്‍, എസ്സി, എസ്ടി വിഭാഗത്തില്‍ 10 ശതമാനം അധിക ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
ഒരു ഹെക്ടറില്‍ താഴെ കൃഷി ചെയ്യുന്നവര്‍ക്കും ആനുപാതിക നിരക്കില്‍ ആനുകൂല്യം ലഭിക്കും. റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ്) ബയോ ഫ്ലോക്, റെയിസ്വേ എന്നീ രീതികളില്‍ 1,800 ചതുരശ്ര മീറ്റര്‍ വരെ മല്‍സ്യ കൃഷിക്ക് ആനുകൂല്യം ലഭ്യമാണ്.
വലിയ മുതല്‍മുടക്കില്‍ ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്ക് പല വിധത്തില്‍ അപ്രതീക്ഷിത നഷ്ടം ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്‍ഷ്വറന്‍സ് ആശ്വാസമാകുന്നത്. പ്രളയവും രോഗങ്ങളും മത്സ്യകൃഷിയില്‍ വലിയ വെല്ലുവിളിയാണ്.
പദ്ധതിയില്‍ ബേസിക്ക് പോളിസി, കോമ്പ്രിഹെന്‍സീവ് പോളിസി എന്നിങ്ങനെ രണ്ടു പോളിസികളുണ്ട്. ബേസിക്ക് പോളിസിയില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു പുറമെ ക്ഷുദ്രജീവികള്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്കും കവറേജ് ലഭിക്കും.
കോമ്പ്രിഹെന്‍സീവ് പോളിസിയില്‍ ബേസിക്ക് പോളിസിയിലെ സംരക്ഷണത്തിനു പുറമെ രോഗ നഷ്ടങ്ങള്‍ക്കും കവറേജ് ലഭിക്കും. അക്വാകള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി (എഐസി) ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി (ഒഐസി) എന്നിവരാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നത്.