ത്രിത്വരഹസ്യം വെളിപ്പെടുത്തിയവന്റെ ജനനം
Wednesday, December 11, 2024 1:23 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവയാഥാർഥ്യം പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്നു വ്യക്തികളടങ്ങുന്ന ഒരേയൊരു ദൈവമാണ്. ഇവർ മൂന്നുവ്യത്യസ്ത ദൈവങ്ങളല്ല. മറിച്ച് ഒരേയൊരു ദൈവത്തിലെ മൂന്നു വ്യക്തികളാണ്. അവർ വ്യത്യസ്തരെങ്കിലും സ്നേഹക്കൂട്ടായ്മയിൽ ഒരേയൊരു ദൈവമായിരിക്കുന്നുവെന്നു മാത്രമല്ല, അതേ സ്നേഹക്കൂട്ടായ്മയിൽ ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു ദൈവ യാഥാർഥ്യം യഹൂദ ചിന്താഗതിയിൽ ഉള്ളതല്ല.
യാഹ്വേ എന്ന് ഉച്ചരിക്കാൻപോലും യഹൂദരുടെ ദൈവഭയം അനുവദിച്ചിരുന്നില്ല. അതുകൊണ്ട് അവർ അദൊണായ്, ഏലോഹിം എന്നീ പദങ്ങളാണ് ദൈവത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. ഈയൊരു പഴയനിയമ പശ്ചാത്തലത്തിലാണ് ദൈവപുത്രൻ മനുഷ്യനായി വന്ന് ത്രിത്വം എന്നു പിന്നീട് വിളിക്കപ്പെട്ട പിതാവ്, പുത്രൻ, പരിശുദ്ധ റൂഹാ എന്നീ വ്യക്തികൾ അടങ്ങിയ ഒരേയൊരു ദൈവത്തെ പരിചയ പ്പെടുത്തുന്നത്.
ഈശോമിശിഹായുടെ ജനനം പരിശുദ്ധ ത്രിത്വത്തിന്റെ ഒരു കൂട്ടായ്മ വെളിപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു. പിതാവായ ദൈവത്തിന്റെ ഏകപുത്രൻ പരിശുദ്ധ റാഹാവഴി മറിയത്തിന്റെ ഉദരത്തിൽ പിറന്നു. പിന്നീട് ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരികയും പിതാവ് തന്റെ പുത്രന് സ്വന്തം ശബ്ദത്താൽ സാക്ഷ്യം നൽകുകയും ചെയ്തു. അങ്ങനെ പുത്രനായ ദൈവം മനുഷ്യരുടെ മുന്പിൽ പരിശുദ്ധ ത്രിത്വത്തെ പ്രത്യക്ഷീകരിച്ചു.
പിതാവായ ദൈവത്തെപ്പോലെ കരുണയുള്ളവരും പരിപൂർണരും പരിശുദ്ധരുമാകാൻ മനുഷ്യവംശത്തിന് ക്ഷണിച്ചുകൊടുത്ത ഈശോ ആവർത്തിച്ചു പറയുന്ന ഒന്നാണ്, ‘ഞാനും പിതാവും ഒന്നാണ്.’ പിതാവുമായി ഏകീഭവിച്ചിരിക്കുന്ന പുത്രൻ പിതാവിന്റെ മഹത്വത്തിന്റെ തേജസും സത്തയുടെ മുദ്രയുമാണ് (ഹെബ്രാ 1:3). പിതാവുമായി ഇപ്രകാരം ഗാഢബന്ധത്തിൽ ആയിരിക്കുന്ന പുത്രനായ ഈശോമിശിഹാ പരിശുദ്ധാത്മാവിനെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുകയും വാഗ്ദാനം തരികയും ചെയ്തു. ‘ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ് വരുന്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യംനൽകും ’(യോഹ 15:26).
ഈശോയുടെ മനുഷ്യാവതാരത്തിലൂടെ ഈശോ അവതരിപ്പിച്ച ത്രിത്വം ഒരു ആത്മീയത പ്രദാനം ചെയ്യുന്നുണ്ട്. ത്രിത്വത്തിലെ പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പിതാവോ പുത്രനോ അല്ല. മറിച്ച് തനതായ വ്യക്തിത്വവും പ്രവർത്തനമണ്ഡലവും ഉള്ള മൂന്നു വ്യത്യസ്ത വ്യക്തികളാണ്. എന്നാൽ ഈ മൂന്നു വ്യക്തികൾ സ്നേഹക്കൂട്ടായ്മയിൽ ഒരേയൊരു ദൈവമായിരിക്കുന്നു, ഒരുമിച്ചു പ്രവർത്തിക്കുന്നു.
ഓരോരുത്തരും താന്താങ്ങളുടെ വ്യക്തിത്വവും പ്രവർത്തനമേഖലകളും നിലനിർത്തിക്കൊണ്ടുതന്നെ അപരനോട് കൂട്ടായ്മയിലായിരിക്കുന്നു. ത്രിത്വത്തിന്റെ ഈ ശൈലിയാണ് ത്രിത്വം നൽകുന്ന ആധ്യാത്മികത. മറ്റുള്ളവരുടെ വ്യത്യസ്തതയും വ്യക്തിത്വവും പരസ്പരം അംഗീകരിച്ചുകൊണ്ട് സ്നേഹത്തിലൂടെ കൂട്ടായ്മയിലായിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ആ ആത്മീയതയുടെ സാരം. ഈ ആത്മീയത വെളിപ്പെടുത്തിക്കൊണ്ടാണ് ഈശോ തന്റെ മനുഷ്യാവതാരത്തിലൂടെ രക്ഷാമാർഗം മാനവരാശിക്കു പകർന്നുനൽകിയത്.
തന്നിലുള്ള വിശ്വാസംവഴി തന്റെ മാർഗം സ്വീകരിക്കുന്നവർക്ക് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ മാമ്മോദീസ നൽകാനാണ് ഈശോ ശിഷ്യന്മാരോട് കല്പിച്ചത് (മത്താ 28:20).