“പാലക്കാട്ട് എന്നെ മാറ്റിനിർത്തി’’; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
Wednesday, December 11, 2024 1:23 AM IST
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നും തനിക്ക് തരാതിരുന്നതിനു കാരണമെന്താണെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്നു പറയേണ്ടെന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട്ട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
അതേസമയം, കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറണം എന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.