കേന്ദ്ര നികുതിവരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണം: യുഡിഎഫ്
Wednesday, December 11, 2024 1:23 AM IST
തിരുവനന്തപുരം: കേന്ദ്ര നികുതി വിഹിതത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്കു വീതം വച്ചു നൽകണമെന്ന് യുഡിഎഫ് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു. നികുതി വിഹിതം പങ്കുവയ്ക്കുന്നതിനുള്ള നിലവിലുള്ള മാനദണ്ഡങ്ങൾ കേരളത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിച്ചതായും ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ ഈടാക്കുന്ന സെസും സർച്ചാർജും മറ്റു നികുതി വരുമാനം പോലെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. നിലവിൽ ഇതു പങ്കുവയ്ക്കേണ്ടതില്ല. ഈ പഴുത് ഉപയോഗിച്ച് കേന്ദ്രം കൂടുതൽ സെസും സർചാർജും ഈടാക്കുകയാണ്. കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 23 ശതമാനം വീതംവയ്ക്കേണ്ടാത്ത സെസിൽനിന്നു സർചാർജിൽനിന്നുമാണ്.
2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യക്കുള്ള വെയ്റ്റേജ് 10 ശതമാനമായി കുറയ്ക്കണം. ജനസംഖ്യാ നിയന്ത്രണത്തിനുള്ള വെയ്റ്റേജ് 25 ശതമാനമാക്കണം. വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാന വിഹിതം നിശ്ചയിക്കുന്നതിൽ വനം, പരിസ്ഥിതി ദൗർബല്യം തുടങ്ങിയവയ്ക്കുള്ള വെയ്റ്റേജ് 10ൽ നിന്ന് 20 ശതമാനമായി ഉയർത്തണം.
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് റവന്യു കമ്മി ഗ്രാന്റ് തുടരണം. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിൽ ഗണ്യമായ വർധന വരുത്തണമെന്നും യുഡിഎഫ് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, യുഡിഎഫ് സെക്രട്ടറി സി.പി. ജോണ്‍ എന്നിവരാണ് ധനകാര്യ കമ്മീഷനു നിവേദനം സമർപ്പിച്ചത്.