ഡിസിഎൽ ബാലരംഗം
Friday, January 24, 2025 2:36 AM IST
ഗുരുത്വത്തിന്റെ കഴുത്തുവെട്ടുന്ന വിദ്യാഭാസം
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
അനുവാദമില്ലാതെ സ്കൂളിൽ കൊണ്ടുവന്ന മൊബൈൽഫോൺ അധ്യാപകർ വാങ്ങി ഓഫീസിൽവച്ചു എന്ന കാരണംപറഞ്ഞ് പ്രിൻസിപ്പലിന്റെ നേരേ വിരൽ ചൂണ്ടി കൊലപാതക ഭീഷണി മുഴക്കുന്ന ഒരു വിദ്യാർഥിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികരിച്ച സംഭവത്തിൽ വിദ്യാർഥി മാപ്പു പറയുകയും പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയും ചെയ്തു.
ഏതാനും ദിവസം മുന്പ് മൃഗീയമായി സ്വന്തം അമ്മയെ കൊന്ന മകൻ ആക്രോശിച്ചത് തന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണിത് എന്നാണ്.
മാതാ, പിതാ, ഗുരു, ദൈവം എന്ന ആർഷഭാരത ദർശനം പവിത്രപാഥേയമാക്കി, വിദ്യാഭ്യാസ പ്രയത്നം നടത്തുന്ന ഗുരു-ശിഷ്യസംസ്കാരത്തിന്റെ മഹത് ചരിതമുറങ്ങുന്നുണ്ട്, ഭാരതത്തിന്റെ ഗതകാലവീഥികളിൽ! അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്നും ദൈവം തന്നെയാണെന്നും വിദ്യാർഥി മനസുകളെ ഉദ്ബോധിപ്പിച്ച് ഗുരുപാദപൂജ, വിദ്യാരംഭകർമ്മത്തിന്റെ മർമ്മമാക്കി മാറ്റിയിരുന്ന ആ സംസ്കൃതി പൊയ്പോയി! മാത്രമല്ല, അധ്യാപകരെ ശത്രുക്കളായി കണ്ട്, ഓഫീസിൽ ഗുണ്ടായിസം കാണിക്കാനും ലവലേശം ജാള്യതയില്ലാതാകുന്നു!
അന്നൊരിക്കൽ അരിമണിയിൽ വിരലുരുമ്മി ആദ്യാക്ഷരത്തിന്റെ എഴുത്തു തുടങ്ങിയ ആ ചൂണ്ടുവിരൽ ഗുരുവിന്റെ കഴുത്തിനു നേരേ ചൂണ്ടി കൊലവിളി നടത്തി പുറത്തേക്കിറങ്ങിയ ആ വിദ്യാർഥിക്ക്, "ആവേശം' സിനിമലെയോ, കിംഗ് ഓഫ് കൊത്തയിലേയോ, മാർക്കോയിലേയോ, "പണി'യിലെയോ ഒക്കെ നായകന്റെ ശരീരഭാഷയുണ്ടായിരുന്നുവോ എന്ന് തോന്നിപ്പോയി!
പ്രിയ കൂട്ടുകാരേ, ഗുരുനിന്ദ, ഒരു നിമിഷത്തെ ഉത്പന്നമല്ല. ഒരു സാമൂഹ്യപരിസരമുണ്ടതിന്. ഇത്തരം ഗുരുനിന്ദയെ ലഘൂകരിച്ച് ബാലാവകാശത്തിനായുള്ള സമരമായി പുനർനിർവചിക്കുന്ന മന്ത്രിസത്തമന്മാരുടെ പിന്തുണയും നന്ദിമറന്ന് നിന്ദ ചെയ്യുന്ന വിദ്യാർഥികൾക്കുണ്ട്.
"ഒരു തിരുത്തലും വേണ്ട' എന്ന ന്യൂജെൻ ധിക്കാരം, നിന്ദിച്ചികഴ്ത്തുന്നത്, ഗുരുവിനേയും ജനയിതാക്കളേയുമാണ്. "തോൽവിയറിയാതെ വളരട്ടെ, പുതുതലമുറ' എന്ന സർക്കാർ വിദ്യാഭ്യാസ ശൈലി, പൊതുവിദ്യാഭ്യാസത്തെ വിദ്യാഭാസമാക്കി മാറ്റിയിട്ട്, ഒരു ദശാബ്ദത്തോളമാകുന്നു. "പപ്പ' എന്നെഴുതുന്നതിനു പകരം "പപ്പി' എന്നെഴുതിയാലും 50 ശതമാനം മാർക്ക് നൽകണമെന്ന പകുതി ശരിയുടെ നിയമവാഴ്ചകളിൽ ഒരു സംസ്കാരത്തിന്റെ വീഴ്ചയാണ് സംഭവിക്കുന്നത്.
വിദ്യാർഥികൾക്കല്ല, വിദ്യാഭ്യാസ വകുപ്പിനാണ് നൂറു ശതമാനത്തിലുമധികം വിജയം പ്രഖ്യാപിക്കാനുള്ള തിടുക്കം! പരാജയപ്പെട്ടു പഠിക്കാത്ത പുതുതലമുറ, ചോദിക്കുന്നതു മുഴുവൻ ലഭിച്ചില്ലെങ്കിൽ വീടെടുത്തു തലകുത്തിനിർത്തുന്ന മക്കൾ, ശിക്ഷണത്തിൽ ശിക്ഷ പാടില്ല എന്നു ശാഠ്യമുള്ള മാതാപിതാക്കൾ, അല്പമെങ്കിലും തിരുത്തുവാൻ മുതിരുന്ന ഗുരുവിനെ തുരത്തുവാൻ വേണ്ടി തകിലുകൊട്ടുന്ന രാഷ്ട്രീയ വിദ്യാർഥി സംഘടനകൾ... ഇതിനെല്ലാം മുകളിൽ, സകല അധാർമികതകളുടെയും വാതിൽതുറന്നു വിളിക്കുന്ന നവസമൂഹമാധ്യമ പിശാചുക്കൾ... ഈ ദുർഗതിയുടെ കാലത്ത് ഗുരുത്വക്കേടുകളുടെ കരിങ്കളിയാട്ടങ്ങൾ പെരുകുകയാണ്!
പ്രിയ കൂട്ടുകാരേ, ഗുരു ദൈവമാണ്, ദീപമാണ്, പാതയാണ്. പാഥേയമാണ്! നമുക്ക് അധ്യാപകരെ ആദരിക്കാം. വിദ്യാലയത്തിലെ നിയമങ്ങൾ അനുസരിക്കാം. അച്ചടക്കത്തിന്റെ മാർഗത്തിൽ മുന്നേറാം. നല്ല സ്വഭാവം പരിശീലിക്കാം. ദുഃശീലങ്ങളിൽനന്നും ദുഷിച്ച കൂട്ടുകെട്ടുകളിൽനിന്നും ഓടിയൊളിക്കാം. "ഗുരുത്വസിദ്ധി - മഹത്വലബ്ധി' എന്ന പ്രമാണം പാഠമാക്കം.
സ്നേഹാശംസകളോടെ സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റ് ഫെബ്രു. 1-ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കോട്ടയം: ഫെബ്രുവരി ഒന്നിന് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ നടക്കുന്ന ഡിസിഎൽ സംസ്ഥാന ടാലന്റ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
കേരളത്തിലെ വവിധ പ്രവിശ്യാമത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നത്.
മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും.
ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.
യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.
ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ ഓവറോൾ നേടുന്ന പ്രവിശ്യയ്ക്ക് പി.ടി. തോമസ് പൈനാൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സമ്മാനിക്കും.
ടാലന്റ്ഫെസ്റ്റിന്റെ വിജയത്തിനായി കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ, ഫാ. പോൾ മണവാളൻ, എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ് (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നാളെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസിൽ
കാഞ്ഞിരപ്പള്ളി: ഡിസിഎൽ കോട്ടയം പ്രവിശ്യാ ടാലന്റ് നാളെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, ചങ്ങനാശേരി, അരുവിത്തുറ, പാലാ എന്നീ മേഖലകളിൽ നടത്തിയ ടാലന്റ്ഫെസ്റ്റിൽ വിജയികളായ കുട്ടികളാണ് പ്രവിശ്യാ മത്സരത്തിൽ പങ്കെടുക്കുന്നത്.
രാവിലെ 9.30-ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ മത്സരങ്ങൾ ഉദ്ഘാടനംചെയ്യും.
ഉച്ചകഴിഞ്ഞു നടക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
മത്സരങ്ങൾക്ക് ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖലാ ഓർഗനൈസർമാരായ ജോഷി കൊല്ലാപുരം, ബാബു ടി. ജോൺ, വി.ടി. ജോസഫ്. ജെയ്സൺ ജോസഫ്, ജോസഫ് ആന്റണി, ശാഖാ ഡയറക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകും.
പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം
മൂലമറ്റം: ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്ററായിരുന്ന പി.റ്റി. തോമസ് പൈനാലിന്റെ സ്മരണയ്ക്കായി സെൻറ് ജോർജ് യു.പി സ്കൂളിൽ ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് പി.റ്റി തോമസ് പൈനാൽ സ്മാരക പ്രഭാഷണം കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു . പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ എസ് എച്ച് , ശാഖാ ഡയറക്ടർമാരായ അനു എബ്രഹാം , ജിനു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു..