മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് കൂടൊരുക്കി ചികിത്സ
Monday, February 17, 2025 12:17 AM IST
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്കു ചികിത്സയൊരുക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവം. ആനയെ പിടികൂടാൻ വയനാട്ടിൽനിന്നു വിക്രം എന്ന കുംകിയാനയെ എത്തിച്ചു.
കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുംകിയാനകളെക്കൂടി ഉടൻ അതിരപ്പിള്ളിയിൽ എത്തിക്കും.കാലടി പ്ലാന്റേഷന്റെ ഫാക്ടറിക്കു സമീപം വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ള അങ്കണവാടിയുടെ പരിസരത്താണ് വിക്രത്തിനു താവളം ഒരുക്കിയത്. മറ്റു കാട്ടാനകൾ എത്താതിരിക്കാനാണ് ഇവിടെ താവളം ഒരുക്കിയത്. വഞ്ചിക്കടവ് ഭാഗത്തു ഫെൻസിംഗ് പൂർത്തിയായാൽ ആനയെ അങ്ങോട്ടു മാറ്റും.
മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ബുധനാഴ്ച മയക്കുവെടി വയ്ക്കുമെന്നാണു വനംവകുപ്പ് അറിയിച്ചത്. പിടികൂടിയശേഷം ആനയെ കോടനാട്ടെ അഭയാരണ്യ കേന്ദ്രത്തിൽ തയാറാക്കുന്ന കൂട്ടിലേക്കു മാറ്റും.
ആനക്കൂടു നിർമിക്കാനുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്ന നടപടികൾ ദേവികുളത്തു പുരോഗമിക്കുകയാണ്. കൂടുനിർമാണം പൂർത്തിയായാൽ ഡോ. അരുണ്‍ സഖറിയയും സംഘവും അതിരപ്പിള്ളിയിലെത്തി മയക്കുവെടി വയ്ക്കാനുള്ള നടപടികൾ ആരംഭിക്കും.
അവശതയിലുള്ള ആനയ്ക്കു മയക്കുവെടി വയ്ക്കുന്നതും അപകടകരമാണെന്നാണു വിലയിരുത്തൽ. രക്ഷപ്പെടാനുള്ള സാധ്യത മുപ്പതു ശതമാനം മാത്രമാണ്. ആനയുടെ മുറിവിൽ പുഴുവരിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ആന ഇന്നലെ രാവിലെമുതൽ ഏഴാറ്റുമുഖത്തുള്ള സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിലയുറപ്പിച്ചിരുന്നു. പറന്പിലെ വിളകൾക്കും വ്യാപക നാശമുണ്ടായി. പിന്നീടു ചാലക്കുടി പുഴയിലെ തുരുത്തിലേക്കു മാറി.
ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.