വിജിലൻസിന്റെ മിന്നൽപരിശോധന; കൈക്കൂലിയുമായി രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ
Wednesday, March 26, 2025 11:59 PM IST
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്തു വിജിലൻസ് സംഘം നടത്തിയ മിന്നൽപരിശോധനയിൽ കൈക്കൂലിയുമായി രണ്ടു വനംവകുപ്പ് ജീവനക്കാരെ വിജിലൻസ് പിടികൂടി.
പാലക്കാട് ഡിവിഷൻ വനം വകുപ്പ് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ ഫ്രാങ്ക്ളിൻ ജോർജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുജിത്ത് എന്നിവരെയാണു പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 35,000 രൂപ ഇവരിൽനിന്നു കണ്ടെടുത്തു.
കടമ്പഴിപ്പുറം പഞ്ചായത്തിലെ ആലങ്ങാട് കിണ്ണംപറമ്പിൽ വനംവകുപ്പ് ഭൂമിയോടു ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനു നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി വനംവകുപ്പ് ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം കിഴക്കുംപുറം മങ്ങാട്ട് ഭഗീരഥന്റെ ഭാര്യ ഉഷ വിജിലൻസിനെ അറിയിക്കുകയായിരുന്നു.