കൊടകര കുഴൽപ്പണക്കേസ്; ബിജെപിയോട് ചോദ്യങ്ങൾ ഉന്നയിച്ച് സതീഷ്
Wednesday, March 26, 2025 11:59 PM IST
തൃശൂർ: ഇഡിയുടെ ഓഫീസ് ബിജെപി പാർട്ടി കാര്യാലയത്തിലേക്കു മാറ്റുന്നതാണ് നല്ലതെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറിയും കൊടകര കുഴൽപ്പണക്കേസിൽ പോലീസിനു മൊഴി നൽകിയയാളുമായ തിരൂർ സതീഷ്.
കേസിൽ ബിജെപി നേതാക്കൾക്കോ പാർട്ടിക്കോ പങ്കില്ലെങ്കിൽ എന്തിനു പണം മോഷണം പോയതിനുപിന്നാലെ നേതാക്കൾ സ്ഥലത്തെത്തി എന്നതടക്കമുള്ള പല ചോദ്യങ്ങളും സതീഷ് ഉന്നയിച്ചു.
ജില്ലാ നേതാക്കളും മേഖലയുടെ സംഘടനാ സെക്രട്ടറിമാരും അടക്കം സംഭവം നടന്ന സ്ഥലത്തെത്തിയിരുന്നു. ധർമരാജൻ ബിജെപി നേതാക്കളെ ബന്ധപ്പെട്ടത് എന്തിനായിരുന്നു. ധർമരാജനു പണം കൊണ്ടുവയ്ക്കാൻ പാർട്ടി ഓഫീസ് ക്ലോക്ക് റൂം അല്ലെന്നും സതീഷ് പറഞ്ഞു.
വോട്ടർമാരെ സ്വാധീനിക്കാൻവേണ്ടിയാണ് പണം കൊണ്ടുവന്നത്. എന്നാൽ പണം വന്ന വഴി ഇഡി അന്വേഷിച്ചില്ല. ധർമരാജൻ മൊഴിയായിത്തന്നെ അതു നൽകിയതായിരുന്നു.
ചാക്കുകെട്ടുകളിൽ പണം എത്തി. അത് അന്വേഷിക്കാൻപോലും ഇഡിക്ക് ഒഴിവില്ല. പാർട്ടിയുടെ നേതാക്കളെ സംരക്ഷിക്കാൻവേണ്ടിയാണ് ഇപ്പോൾ കുറ്റപത്രം കൊടുത്തിട്ടുള്ളത്. അതിപ്പോൾ വ്യക്തമായി- സതീഷ് പറഞ്ഞു.