ചീഫ് സെക്രട്ടറിയെ പിന്തുണച്ച് എം.വി. ഗോവിന്ദൻ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നു നോക്കിയല്ല ഒരാളെ വിലയിരുത്തേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ചീഫ് സെക്രട്ടറിയുടെ സ്ഥാനത്തിരിക്കുന്ന ഒരാളെപ്പോലും നിറത്തിന്റെ പേരിൽ അപമാനിക്കുന്നുവെങ്കിൽ കേരളത്തിൽ ഫ്യൂഡൽ ജീർണത ഇപ്പോഴും അവശേഷിക്കുന്നുവെന്നുവേണം മനസിലാക്കാൻ.
ചീഫ് സെക്രട്ടറിയെ നിറത്തിന്റെ പേരിൽ അപമാനിച്ചതിനെതിരേ കർശനമായ നടപടിതന്നെ സ്വീകരിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തുള്ളവരെ കരിങ്കുരങ്ങെന്നു വിളിച്ചവർവരെ ഇവിടെയുണ്ട്. വെളുത്തതാണു നല്ലതെന്നു വിചാരിക്കുന്നതു ജീർണിച്ച ഫ്യൂഡൽ സംസ്്കാരത്തിന്റെ ഭാഗമാണ്.
അതാണു സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്നാണ് ഒരുകാലത്തു കരുതിയിരുന്നത്. കെട്ടിലമ്മമാർ വെളുപ്പും പാടത്തു പണിയുന്നവർ കറുപ്പുമായി കരുതി വിവേചനത്തോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. അതിനെ ഇല്ലാതാക്കിയതാണ് ഈ കേരളമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.