സ്നേഹം, മുറിവായും മഹത്വമായും...
Friday, April 18, 2025 2:56 AM IST
ഫാ. ജോഷി മയ്യാറ്റിൽ
ദൈവപുത്രൻ അറസ്റ്റ് വരിക്കുകയും ചോദ്യംചെയ്യപ്പെടുകയും പീഡകൾ സഹിച്ചു മരിക്കുകയും ചെയ്ത സംഭവങ്ങളെ പ്രൗഢഗംഭീരമായി ചിത്രീകരിക്കാന്‍ ശ്രദ്ധിച്ച ഒരു സുവിശേഷകനുണ്ട് - വിശുദ്ധ യോഹന്നാൻ. ദുര്‍ബലനാകുന്ന യേശുവിന്റെയല്ല, പ്രതികൂല സാഹചര്യങ്ങളുടെമേല്‍ പൂര്‍ണാധിപത്യമുള്ള കരുത്തനായ യേശുവിന്റെ വാങ്മയചിത്രമാണ് അദ്ദേഹം വരച്ചുവച്ചിരിക്കുന്നത്.
കൂസലില്ലാത്തവൻ
കൂസലില്ലാതെ പടയാളികളുടെ മുമ്പിലും, ‘നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്’ എന്നു രണ്ടു പ്രാവശ്യം (18,5.7) ചോദിക്കുന്നവനാണ് യോഹന്നാന്റെ യേശു. തന്നെ അറസ്റ്റ് ചെയ്യാനെത്തിയവരുടെ മുമ്പിലും ‘ഞാന്‍ ആകുന്നു’ (‘ഏഗോ എയ്മി’, പുറ 3,14; ഏശ 43,25; 51,12; 52,6; യോഹ 4:26; 6,20; 8:28) എന്ന പഴയനിയമ ദൈവികവെളിപാടു വാക്യത്തിലൂടെ തന്റെ ദൈവത്വം പ്രഖ്യാപിക്കുന്ന യേശു!
ദൈവികപ്രത്യക്ഷത്തില്‍ മനുഷ്യന് ഭയന്നുവിറയ്ക്കാറുണ്ട്, നിലം പതിക്കാറുണ്ട് (എസെ 1:28; ദാനി 10,9; അപ്പ 9,3.4; വെളി 1,17). അതുതന്നെ അറസ്റ്റിനുമുമ്പും സംഭവിച്ചെന്ന് യോഹന്നാന് (യോഹന്നാന് മാത്രം) കുറിച്ചുവച്ചിരിക്കുന്നു (18:6). യേശുവിന്റെ അറസ്റ്റ് പോലും അവിടത്തെ മേധാവിത്വത്തിൻകീഴിലാണു നടക്കുന്നത്!
തലയെടുപ്പുള്ളവൻ
പ്രധാന പുരോഹിതന്റെ മുന്നില്‍വച്ച് തന്നെ അടിച്ച ഭൃത്യനോട് വിശദീകരണം ചോദിക്കാന്‍ (18,23) ആര്‍ജവം കാണിക്കുന്ന ക്രിസ്തുവിനെ നാമിവിടെ കണ്ടുമുട്ടുന്നു. പീലാത്തോസിന്റെ മുമ്പില്‍ യേശു നില്‍ക്കുന്നത് തലയെടുപ്പോടെയാണ്. യേശുവിനെ വധിക്കാനുള്ള യഹൂദരുടെ ആഗ്രഹം (18,31) പോലും യേശുവിന്റെതന്നെ പ്രവചനപൂര്‍ത്തീകരണത്തിനു വേണ്ടിയായിരുന്നെന്നു യോഹന്നാന് കുറിക്കുമ്പോള്‍ (18,32), കടിഞ്ഞാണ്‍ അവിടത്തെ കൈയില്‍ തന്നെയാണെന്നു നമുക്കു വീണ്ടും ബോധ്യമാകുന്നു.
‘എന്താണു സത്യം’ എന്ന തടവുപുള്ളിയോടുള്ള ന്യായാധിപന്റെ ചോദ്യത്തോടെ (18,38) ഇത് ക്ലൈമാക്സിൽ എത്തുന്നു. ‘ഇതാ മനുഷ്യന്’ എന്നു വിളിച്ചുപറയുന്നത് പീലാത്തോസോ അതോ സുവിശേഷകനോ? അധികാരിയായ പീലാത്തോസിന്റെ ഭയവും (19,8) ‘ഇതാ നിങ്ങളുടെ രാജാവ്’ എന്ന പ്രഖ്യാപനവും (19,15) കുരിശിനുമുകളിലെ ശീര്‍ഷകവുമെല്ലാം (19,19-22) സുവിശേഷകന്റെ തൂലികയിലൂടെ വെളിവാകുന്ന യേശുവിന്റെ മഹത്വബിംബങ്ങള്തന്നെ.
സ്നേഹം മുറിവായും മുറിവ് മഹത്വമായും മാറിയ അത്യുജ്വല ദിനമാണ് ദുഃഖവെള്ളി. അതു വിലാപത്തിന്റെയോ സഹതാപത്തിന്റെയോ ദിനമല്ല; മറിച്ച്, സ്നേഹം സമ്മാനിക്കുന്ന മുറിവിന്റെ മഹത്വം തിരിച്ചറിഞ്ഞ് സ്വന്തം കുരിശിനെ ആഞ്ഞുപുല്കാൻ ക്ഷണിക്കുന്ന ദിനമാണ്...