വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ ഇനി സ്ലീപ്പർ, എസി യാത്ര സാധിക്കില്ല
Wednesday, April 30, 2025 12:51 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റുളളവരെ ഇനി മുതൽ ട്രെയിനുകളിൽ സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ അനുവദിക്കില്ല. ഇത് നാളെ മുതൽ പ്രാബലാകുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ഇത് ലംഘിച്ച് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. അല്ലെങ്കിൽ ഇവരോട് ജനറൽ കമ്പാർട്ടുമെന്റുകളിലേക്ക് മാറിക്കയറാൻ ടിക്കറ്റ് പരിശോധകർ നിർദേശിക്കും. ഐആർസിടിസി വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ചാർട്ട് തയാറാക്കിയതിനു ശേഷവും അവർ വെയിറ്റിംഗ് ലിസ്റ്റിലാണെങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ചെയ്യും. ഇവരുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകും.ചാർട്ട് തയാറാക്കിയ ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ള ഇ-ടിക്കറ്റുമായി ട്രെയിനുകളിൽ കയറാനും പാടില്ല.
ഇത്തരക്കാരെ ടിക്കറ്റില്ലാ യാത്രക്കാരായി പരിഗണിച്ച് പിഴ ഈടാക്കുകയും ചെയ്യും. രാജ്യത്ത് സ്ഥിരീകരിച്ച ടിക്കറ്റുമായി സഞ്ചരിക്കുന്ന ലക്ഷക്കണക്കായ യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് റെയിൽവേയുടെ ഈ നടപടി.
പലപ്പോഴും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവർ സ്ലീപ്പർ, എസി കോച്ചുകളിൽ കയറി റിസർവ് ചെയ്തവരുടെ സീറ്റിൽ ഇരിക്കുന്നത് പതിവാണ്. ഇവരുടെ എണ്ണം വർധിക്കുന്നത് കോച്ചുകളിൽ ടിക്കറ്റ് പരിശോധകരുടേത് അടക്കം സുഗമമായ സഞ്ചാരത്തിനും തടസമാകുന്നു. ഇത്തരം പരാതികൾ രാജ്യത്താകമാനം വ്യാപകമായ സാഹചര്യത്തിലാണ് കർശന പരിഷ്കാരത്തിന് റെയിൽവേ മന്ത്രാലയം നിർബന്ധിതമായത്.
ഇടനിലക്കാരായ ഏജന്റുമാർ വഴി വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റ് തരപ്പെടുത്തി റിസർവ്ഡ് കോച്ചുകളിൽ നിരവധി പേർ യാത്ര ചെയ്യുന്നതായും റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെയുള്ളവരിൽ തിരിച്ചറിയൽ രേഖകൾ ഒന്നും ഉണ്ടാകാറില്ല. പേരും വയസും മേൽവിലാസമൊക്കെ വ്യാജവുമാണ്.