സ്കൂൾ സമയമാറ്റം: പരാതി ലഭിച്ചിട്ടില്ലെന്നു മന്ത്രി ശിവൻകുട്ടി
Monday, June 16, 2025 5:31 AM IST
തിരുവനന്തപുരം: സ്കൂൾ സമയത്തിൽ മാറ്റംവരുത്തിയത് ശരിയായ തീരുമാനം ആയതിനാലാകാം പ്രതിപക്ഷം ഇക്കാര്യത്തിൽ അഭിപ്രായം പറയാത്തതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ സമയമാറ്റത്തിന് എതിരേ പ്രതിപക്ഷം സംസാരിക്കുന്നില്ലെന്ന സമസ്തയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സമയമാറ്റം സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല. വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ തള്ളിക്കളയില്ല. പരാതി എഴുതി ലഭിച്ചാൽ ആവശ്യമായ ചർച്ച നടത്തും. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കണക്കിൽ വിശദമായ പരിശോധന നടന്നുവരുന്നു. കണക്കു പുറത്തു വിടുന്നതിൽ സർക്കാരിന് യാതൊരു തടസവുമില്ല. കണക്ക് രണ്ടാഴ്ചയ്ക്കകം ലഭ്യമാകും.
കണ്ണൂരിൽ സ്കൂൾ പൂട്ടിയ സംഭവത്തിൽ ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഒരു പൊതുവിദ്യാലയവും പൂട്ടരുതെന്നാണ് സർക്കാർ നയം. എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സംബന്ധിച്ച കോടതി വിമർശനം അർഹിക്കുന്ന പ്രാധാന്യത്തോടെ പരിശോധിക്കും. പ്ലസ് വണ്‍ അലോട്ട്മെന്റ് കുറ്റമറ്റ രീതിയിൽ പുരോഗമിക്കുന്നു. മൂന്നാം അലോട്ട്മെന്റ് പൂർത്തിയായ ശേഷം മറ്റ് പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.