സ്കൂള്‍ സ്കോളര്‍ഷിപ്പ്; ഉത്തരക്കടലാസിലെ സ്കോർ വിവരം സ്കൂള്‍ രേഖയായി സൂക്ഷിക്കണം
Tuesday, June 17, 2025 2:34 AM IST
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഗുണഭോക്തൃ നിര്‍ണയത്തിനായി ഉത്തരക്കടലാസില്‍ നല്കിയ സ്കോറിന്റെ വിവരങ്ങള്‍ ഇനി സ്കൂള്‍ രേഖയായി സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഗുണഭോക്തൃ നിര്‍ണയം പഠന മികവ് അടിസ്ഥാനമാക്കി നടത്തുന്ന സാഹചര്യത്തില്‍ വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത രീതിയില്‍ മാര്‍ക്കിന്റെ ശതമാനം രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്നാണ് ഉത്തരവിലുള്ളത്.
അപേക്ഷകരില്‍നിന്ന് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനം നോക്കിയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനത്തെ ചില സ്കൂളുകളില്‍ വിദ്യാര്‍ഥി നേടിയ യഥാര്‍ഥ മാര്‍ക്കിനെ അടിസ്ഥാനമാക്കി ശതമാനം നിര്‍ണയിക്കുമ്പോള്‍ മറ്റു ചില സ്കൂളുകള്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് കണക്കാക്കിയാണ് ശതമാനം നിര്‍ണയിക്കുന്നത്.
മാര്‍ക്കിനെ ഗ്രേഡ് ആക്കി മാറ്റി ആ ഗ്രേഡിന് പോയിന്റ് നല്കി അതിന്റെ അടിസ്ഥാനത്തില്‍ ശതമാനം നിര്‍ണയിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നേടിയ മാര്‍ക്കിന്റെ ശതമാനത്തേക്കാള്‍ കൂടുതലാകും.
ഇപ്രകാരം ശതമാനം നിര്‍ണയിക്കുന്ന സ്കൂളുകളിലെ അപേക്ഷകള്‍ കൂടുതലായി ഗുണഭോക്തൃ പട്ടികയില്‍ ഇടം നേടുകയും അര്‍ഹരായവര്‍ പിന്തള്ളപ്പെടുകയും ചെയ്യും.
അതിനാലാണ് ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ വാര്‍ഷിക എഴുത്തുപരീക്ഷയിലും നിരന്തര മൂല്യനിര്‍ണയത്തിലും നേടിയ ആകെ മാര്‍ക്ക് സ്കൂളുകളില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്.