നെടുമ്പാശേരി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകൾക്കടക്കം നിരോധനം
Tuesday, June 17, 2025 2:34 AM IST
കൊച്ചി: വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ (റെഡ് സോണ്‍) മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്റോ മോഡലുകള്‍, പാരാ ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍ (യുഎഎസ്), ഡ്രോണുകള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ലേസര്‍ രശ്മികള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിട്ടു.
വിമാനത്താവളം ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവിടങ്ങളില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടുകളില്‍ അറിയിച്ചിരുന്നു.
റണ്‍വേയുടെ സമീപത്തും ലാന്‍ഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗ്, ടേക്ക് ഓഫ്, പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023ലെ സെക്ഷന്‍ 163 പ്രകാരമാണ് ജില്ലാ കളക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
റെഡ് സോണില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം.