ലിസി ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റുകൾ നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്
Thursday, June 26, 2025 1:47 AM IST
കൊച്ചി: ആതുരസേവനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള എറണാകുളം ലിസി ഹോസ്പിറ്റലിലേക്ക് ഏഴ് ഡയാലിസിസ് യൂണിറ്റുകൾ നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽനിന്നാണ് തുക വകയിരുത്തിയത്.
ആരോഗ്യമേഖലയിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റുകൾ നൽകിയത്. ഡയാലിസിസ് യൂണിറ്റുകളുടെ സേവനം മിതമായ നിരക്കിൽ മികച്ച രീതിയിൽ ലഭ്യമാക്കുക എന്ന ഉദ്ദശ്യത്തോടെയാണ് തുക അനുവദിച്ചത്.
ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ ഹൃദയഭാഗത്ത് സാധാരണ ജനങ്ങൾക്കും ഏറെ ആശ്രയിക്കാവുന്ന ലിസി ഹോസ്പിറ്റലിലേക്കു ഡയാലിസിസ് യൂണിറ്റുകൾ നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയ്ക്കു കൂടുതൽ സഹായം നൽകുമ്പോൾ അത് ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നതായും ഇത്തരം മാനുഷികമൂല്യങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് സ്ഥാപനങ്ങളുടെ സിഎസ്ആർ വിഭാഗത്തെ കരുത്തുറ്റതാക്കുന്നെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം പദ്മഭൂഷൺ ജേതാവും ലിസി ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ആദരിച്ചു.
ചടങ്ങിൽ ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ, ജോയിന്റ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണംപുഴ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെറ്റോ തോട്ടുങ്ങൽ, ഫാ. ഡേവിസ് പടന്നക്കൽ, സിഎഫ്ഒ ആന്റണി പുതുശേരി, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി. ആന്റോ ജോർജ്, സീനിയർ ജനറൽ മാനേജറും കോർപറേറ്റ് ബാങ്കിംഗ് ബിസിനസ് ഹെഡുമായ മിനു മൂഞ്ഞേലി, എറണാകുളം റീജണൽ ഹെഡ് ടൈനു ഈഡൻ അമ്പാട്ട്, കോർപറേറ്റ് ബിസിനസ് ഗ്രൂപ്പ് കേരള മേധാവിയും അസിസ്റ്റന്റ് ജനറൽ മാനേജരുമായ എം. ദിപിൻ, കലൂർ ബ്രാഞ്ച് മാനേജർ ലിവിൻ കെ. സാബു എന്നിവർ പങ്കെടുത്തു.