നവീൻ ബാബുവിന്റെ മരണം; കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിവ്യ ഹൈക്കോടതിയിലേക്ക്
Sunday, July 20, 2025 2:32 AM IST
കണ്ണൂര്: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്.
ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഡ്വ. കെ. വിശ്വൻ മുഖേന കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. നിലവിലെ കുറ്റപത്രം നിലനിൽക്കില്ലെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
ജില്ലാ കളക്ടർ നൽകിയ മൊഴി എഡിഎം കൈക്കൂലി വാങ്ങിയെന്ന് സാധൂകരിക്കുന്നതാണ്. ചേംബറിലെത്തിയ നവീൻ ബാബു തനിക്ക് തെറ്റുപറ്റിയതായി പറഞ്ഞിരുന്നതായും, ആത്മവിശ്വാസത്തോടെ നേരിടണമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു എന്നുമാണ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നൽകിയ മൊഴിയിൽ പറയുന്നത്. ഇക്കാര്യം മന്ത്രി രാജനെ അറിയിച്ചിരുന്നതായും കളക്ടറുടെ മൊഴിയിലുണ്ട്.
കളക്ടർ നൽകിയ മൊഴി കേസിൽ നിർണായകമാണ്. പെട്രോൾ പമ്പ് സംരഭകൻ പ്രശാന്തനിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകളുമുണ്ട്. ദിവ്യക്കെതിരേ ഉയർന്ന ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും അഡ്വ. കെ. വിശ്വൻ പറഞ്ഞു.