പോളിംഗ് സ്റ്റേഷനിലെ വോട്ടർമാരുടെ എണ്ണം 1200 ആയി കുറയ്ക്കണമെന്ന്
Sunday, July 20, 2025 2:33 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം 1200 ആയി കുറയ്ക്കണമെന്നു രാഷ്ട്രീയ പാർട്ടികൾ.
വോട്ടർപട്ടിക പുനഃക്രമീകരണം പൂർത്തിയാകുന്ന മുറയ്ക്ക് പോളിംഗ് ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണ വും പുനഃക്രമീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് മിക്കവാറും എല്ലാ നേതാക്കളും ഈ ആവശ്യം ഉന്നയിച്ചത്.
പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനിൽ പരമാവധി 1300 വോട്ടർമാരും നഗരസഭകളിൽ 1600 വോട്ടർമാരും വീതമാണുള്ളത്. ഇതാണ് 1200, 1500 വീതം പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയർത്തിയത്.
നിലവിൽ 30,759 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാന വ്യാപകമായുള്ളത്. ഇതിൽ 1200 വോട്ടർമാർക്കു മുകളിൽ 2109 പോളിംഗ് സ്റ്റേഷനുകൾ ഗ്രാമീണ മേഖലയിലും 231 എണ്ണം നഗര മേഖലയിലുമുണ്ട്. ഇവയാണ് വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കേണ്ടി വരിക.
ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഒരു വാർഡിലെ വോട്ടർക്ക് മറ്റു വാർഡുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വോട്ടുള്ളത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.
ഇക്കാര്യവും പരിഗണിക്കുമെന്നു കമ്മീഷൻ ഉറപ്പു നൽകി. ഓണ്ലൈനായി ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽനിന്ന് പേരു നീക്കുന്നതിനു മുൻപ് ബന്ധപ്പെട്ട വോട്ടറുടെ ഹിയറിംഗ് നടത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ തുടങ്ങും. ഓഗസ്റ്റ് 25നകം പൂർത്തിയാക്കുമെന്നു കമ്മീഷൻ അറിയിച്ചു.
941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളി ലും 14 ജില്ലാ പഞ്ചായത്തുകളിലുമാണ് പൊതുതെരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്റ്റംബർ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.
യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്എം. വിജയകുമാർ-സിപിഎം, എം.ലിജു-കോണ്ഗ്രസ്, ജെ.ആർ. പത്മകുമാർ-ബിജെപി, പി.കെ. ഷറഫുദ്ദീൻ-മുസ്ലിംലീഗ്, ഡോ.ബെന്നി കക്കാട്-കേരള കോണ്ഗ്രസ്-എം, ജോയ് ഏബ്രഹാം-കേരള കോണ്ഗ്രസ്, പൂജപ്പുര രാധാകൃഷ്ണൻ-കേരള കോണ്.ബി, കെ. ജയകുമാർ-ആർസ്പി, ജോസഫ് ജോണ്-വെൽഫെയർ പാർട്ടി, റോയി അറയ്ക്കൽ-എസ്ഡിപിഐ, കൊങ്കോട് രവീന്ദ്രൻനായർ-ജനതാദൾ- എസ്, ടി മനോജ്കുമാർ-ഫോർവേഡ് ബ്ലോക്ക്, കല്ലട നാരായണപിള്ള-ജനാധിപത്യ കേരള കോണ്ഗ്രസ്, ജോയ് ആർ. തോമസ്-ബിഎസ്പി എന്നിവർ പങ്കെടുത്തു.
കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും
വാർഡ് പുനർ വിഭജനത്തിനു ശേഷമുള്ള കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ നേരത്തയുള്ള പ്രഖ്യാപനം. ഇത് 23ലേക്കു മാറ്റി. കരട്പട്ടിക 23നു പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഓഗസ്റ്റ് 30നു പ്രസിദ്ധീകരിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു.