ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു
Friday, August 8, 2025 2:20 AM IST
ചങ്ങനാശേരി: എംസി റോഡില്‍ എസ്ബി കോളജിന് സമീപം ഓട്ടോറിക്ഷയും കാറും കുട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. പെരുന്ന മലേക്കുന്ന് പുത്തന്‍പറമ്പില്‍ പി.സി. അനിമോൻ (50) ആണ് മരിച്ചത്.
എസ്ബി കോളജിനു സമീപം യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോ തിരിക്കുമ്പോള്‍ ചങ്ങനാശേരി കവല ഭാഗത്തു നിന്നും എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ അനിമോൻ റോഡിലേക്കുതെറിച്ചു പോവുകയും ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്ത് പാര്‍ക്കുചെയ്തിരുന്ന ടിപ്പറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അനിമോനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പെരുന്ന എന്‍എസ്എസ് മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് അനിമോൻ.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം നാളെ ഉച്ചക്ക് 12 ന് ഫാത്തിമാപുരം എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: സുശീല. മക്കള്‍:അര്ജുന്, ലക്ഷ്മി.