വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി 12 വരെ നീട്ടി
Friday, August 8, 2025 2:20 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തെറ്റുകൾ തിരുത്താനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 12 വരെ നീട്ടി. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് അഞ്ചു ദിവസം കൂടി നീട്ടിയത്.
വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നു സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് കത്തു നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. കരട് വോട്ടർ പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനക്ക് ലഭിക്കും.
വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം.