മൂന്നാം നിലയിൽനിന്നു വീണ കെട്ടിടമുടമ മരിച്ചു; കരാറുകാരൻ കസ്റ്റഡിയിൽ
Friday, August 8, 2025 2:20 AM IST
കാഞ്ഞങ്ങാട്: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കെട്ടിടമുടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫ് (48) ആണ് ഇന്നലെ പുലർച്ചെ 3.30 ഓടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് മാവുങ്കാൽ മൂലക്കണ്ടത്തെ കെട്ടിടത്തിനു മുകളിൽനിന്ന് വീണ നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമാണകരാറുകാരൻ പുല്ലൂർ സ്വദേശി നരേന്ദ്രനെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിനു മുകളില്‍നിന്ന് കരാറുകാരന് തന്നെ ചവിട്ടിവീഴ്ത്തിയതാണെന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു.
നരേന്ദ്രനുമായി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായായിരുന്നു റോയി താഴേക്കു വീണത്. കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്ക്കമുണ്ടായിരുന്നതായാണു സൂചന.