നായ്ക്കളുടെ താറാവുകുരുതി
Friday, August 8, 2025 2:20 AM IST
മാന്നാർ: ചെന്നിത്തലയിൽ തെരുവുനായ്ക്കൾ അഞ്ഞൂറോളം താറാവുകളെ കടിച്ചുകൊന്നു. കൂട്ടിൽ സൂക്ഷിച്ചിരുന്ന താറാവുകളെ നായക്കൂട്ടം കൂട് തകർത്ത് അകത്തു കയറിയാണ് കടിച്ചുകീറിയത്. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി മൂന്നുതെങ്ങിൽ സോഫിൻ ഫിലിപ്പി(മോനച്ചൻ)ന്റെ എട്ടു മാസം പ്രായമുള്ളതും മുട്ടയിട്ടു തുടങ്ങിയതുമായ താറാവുകളാണു ചത്തത്.
പ്ലാസ്റ്റിക് വലകളാൽ ബന്തവസാക്കിയ കൂട്ടിൽ സൂക്ഷിച്ചിരുന്ന അറുനൂറോളം താറാവുകളിൽ അവശേഷിക്കുന്നത് ഭാഗികമായി പരിക്കേറ്റ കുറച്ചു താറാവുകൾ മാത്രമാണ്. ജൂണിൽ രോഗം മൂലം ഇദ്ദേഹത്തിന്റെ എണ്ണായിരത്തോളം താറാവുകൾ ചത്തു.
പ്ലേഗ്, അറ്റാക്ക് എന്നിവയാലാണ് താറാവുകൾ ചത്തതെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ. ഒരു സഹായും ഇനിയും കിട്ടിയില്ല. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വലിയ കുഴിയെടുത്താണ് അന്നു താറാവുകളെ മറവു ചെയ്തത്. അതിന്റെ ചെലവുകൾ വേറെ.
ഇതിനു പിന്നാലെയാണ് ഇപ്പോൾ തെരുവുനായ്ക്കൾ നാശം വിതച്ചത്. നിരവധി താറാവ് കർഷകരുണ്ടായിരുന്ന മേഖലയിൽ പല കാരണങ്ങളാൽ പലരും പിന്മാറിയിട്ടും ഈ രംഗത്തു തുടർന്ന അപൂർവം ചിലരിൽ ഒരാളായിരുന്ന മോനിച്ചനാണ് ഈ ഗതി. ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിക്കാത്ത കൃഷിയാണ് താറാവു വളർത്തൽ. രോഗത്താലോ ഇത്തരം ആക്രമണങ്ങളാലോ താറാവുകൾ നഷ്ടപ്പെട്ടാൽ ഒരു സഹായവും ലഭിക്കാറില്ല.