ശ്വേതാ മേനോനെതിരായ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു
Friday, August 8, 2025 2:24 AM IST
കൊച്ചി: ചലച്ചിത്രനടി ശ്വേതാ മേനോനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശപ്രകാരമാണു അനാശാസ്യം തടയല്‍ നിയമപ്രകാരം ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. നടപടി ചോദ്യംചെയ്തു ശ്വേതാ മോനോന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
കേസെടുക്കാന്‍ ഉത്തരവിടുന്നതിനു മുന്നോടിയായി സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ എറണാകുളം സിജെഎമ്മിനോടും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനോടും കേസിന്റെ വിശദാംശങ്ങള്‍ തേടി. കേസെടുക്കാന്‍ നിര്‍ദേശിച്ച കീഴ്ക്കോടതി നടപടിയെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതായും ഹൈക്കോടതി പറഞ്ഞു.
ഇത്തരത്തില്‍ നേരിട്ടുള്ള പരാതി ലഭിച്ചാല്‍ മജിസ്ട്രേറ്റ് കോടതി പോലീസില്‍നിന്നു റിപ്പോര്‍ട്ട് തേടണമെന്നാണു നിയമത്തില്‍ പറയുന്നതെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ സര്‍ക്കാരിനും പരാതിക്കാരനും നോട്ടീസ് അയയ്ക്കാനും ഉത്തരവായി.
രതിനിര്‍വേദം, കളിമണ്ണ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകളിൽ അഭിനയിച്ചതും ‘കാമസൂത്ര’യുടെ അടക്കം പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ചൂണ്ടിക്കാട്ടി തോപ്പുംപടി സ്വദേശി മാര്ട്ടിന് മേനാച്ചേരിയാണ് ശ്വേതയ്ക്കെതിരേ സിജെഎം കോടതിയെ സമീപിച്ചത്.
പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നായിരുന്നു ഹര്‍ജി. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശ്വേതാ മേനോനെതിരായ ഗൂഢാലോചനയുടെ ഫലമാണു പരാതിയും കേസുമെന്നായിരുന്നു അഭിനേതാക്കളില്‍ ഒരുവിഭാഗം പ്രതികരിച്ചത്.