“അക്ഷയകേന്ദ്രങ്ങളുടെ സര്‍വീസ് ചാര്‍ജ് പരിഷ്കരണം നിരാശാജനകം”; സമരാഹ്വാനവുമായി സംരംഭകര്‍
Friday, August 8, 2025 2:24 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ പരിഷ്കരിച്ചത് ഗുണഭോക്താക്കള്‍ക്കു ഗുണപ്രദം. അതേസമയം, പരിഷ്കാരം നിരാശാജനകമാണെന്നും സമരവുമായി രംഗത്തിറങ്ങുമെന്നും അക്ഷയകേന്ദ്രം സംരംഭകര്‍ പറഞ്ഞു.
എട്ടു വര്‍ഷത്തിനുശേഷം നടപ്പാക്കിയ സര്‍വീസ് ചാര്‍ജ് വര്‍ധനയിലാണു പ്രതിഷേധം. അക്ഷയകേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്നും പൂട്ടിപ്പോകേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി അസോസിയേഷന് ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) സംസ്ഥാന കമ്മിറ്റി ഇന്നലെ അക്ഷയ ഡയറക്ടര്‍ക്കു നിവേദനം നല്കി. വിഷയം ഗൗരവമായി പരിഗണിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന് പറഞ്ഞു.
നിലവില്‍ 200 രൂപ വീതം ഫീസ് വാങ്ങിക്കൊണ്ടിരുന്ന ജനന, മരണ രജിസ്ട്രേഷന് അപേക്ഷകള്‍ക്ക്, സര്‍ക്കാര്‍ ബുധനാഴ്ച ഇറക്കിയ പുതിയ ഉത്തരവു പ്രകാരം 40 രൂപ വീതം മാത്രമേ വാങ്ങാന്‍ കഴിയുകയുള്ളൂ. വിവാഹ രജിസ്ട്രേഷനും മുന്‍പ് 200 രൂപയായിരുന്നു അക്ഷയ സംരംഭകര്‍ ഈടാക്കിയിരുന്നത്. ഇനി വിവാഹ രജിസ്ട്രേഷന് 70 രൂപയാണ് ഈടാക്കാനാകുക.
പ്രിന്റിംഗ്, സ്കാനിംഗ് എന്നിവയ്ക്ക് ഒരു പേജിന് മൂന്നു രൂപ വീതവും ഈടാക്കാന്‍ അനുമതിയുണ്ട്. എത്ര കൂട്ടിയാലും 100 രൂപയാണ് ഈ വിധത്തില്‍ പരമാവധി ലഭിക്കുന്ന സര്‍വീസ് ചാര്‍ജ്. അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നതാണു ഫീസ് പരിഷ്കാരമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
എട്ടു വര്‍ഷം മുന്‍പ് അക്ഷയയില്‍ ഈടാക്കിയിരുന്ന അതേ ചാര്‍ജാണ് ഇപ്പോള്‍ കെ-സ്മാര്‍ട്ടിനും ഈടാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വീസ് ചാര്‍ജിനു പുറമേ അപേക്ഷാഫീസ് പ്രത്യേകം ഈടാക്കാന്‍ അനുമതിയുണ്ട്.
പുതുക്കിയ സര്‍വീസ് ചാര്‍ജുകളുടെ പട്ടിക പൊതുജനങ്ങള്‍ക്കു ദൃശ്യമായ വിധം പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തേ എല്ലാ അക്ഷയ സേവനങ്ങളുടെയും സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.
അത്തരം സേവനങ്ങള്‍ക്ക് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്ഷയകേന്ദ്രം നടത്തിപ്പുകാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നത്.
പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍
ജനന -മരണ രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ - 50 രൂപ.
വിവാഹ രജിസ്ട്രേഷനിലെ തിരുത്തലുകള്‍ - 60 രൂപ.
ലൈസന്‍സ് അപേക്ഷ, ലൈസന്‍സ് തിരുത്തലുകള്‍ - 40 രൂപ വീതം.
പരാതികള്‍ - 30 രൂപ.
നികുതികള്‍/ഫീസുകള്‍ അടയ്ക്കല്‍ - 1000 രൂപ വരെയുളള തുകയ്ക്ക് 10 രൂപ. 1001 മുതല്‍ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ളതിന് 0.5 ശതമാനം അല്ലെങ്കില്‍ 100 രൂപ (ഏതാണോ കുറവ്).
ഉടമസ്ഥാവകാശം മാറ്റല്‍- 50 രൂപ.
ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ - 10 രൂപ.
മറ്റ് അപേക്ഷകള്‍ - 20 രൂപ.
സര്‍ട്ടിഫിക്കറ്റുകള്‍, അറിയിപ്പുകള് ഡൗണ്‍ലോഡ് ചെയ്ത് നല്കല് (ഒരു പേജിന്) - 10 രൂപ.