പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു
Friday, August 8, 2025 2:24 AM IST
പത്തനംതിട്ട: അധ്യാപികയുടെ ശന്പള കുടിശിക നല്കാതിരുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ട് റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂൾ പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പ് നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. ഹെഡ്മിസ്ട്രസ് അഞ്ജു ഫിലിപ് ഹൈക്കോടതിയിൽ അഡ്വ. ജേക്കബ് പി. അലക്സ് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
നാറാണംമൂഴി സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വർഷത്തെ ശന്പള കുടിശിക ലഭിക്കാതെ വന്നതോടെ ഭർത്താവ് വി.ടി. ഷിജോ ജീവനൊടുക്കിയ സംഭവവത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ മൂന്ന് ജീവനക്കാരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ എയ്ഡഡ് സ്കൂളെന്ന നിലയിൽ സെന്റ് ജോസഫ് സ്കൂൾ പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജർക്ക് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകുകയുണ്ടായി. ഇതാണ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തത്.
അധ്യാപികയുടെ ശന്പള കുടിശിക നൽകാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടികൾ വൈകിയതിന്റെ ഉത്തരവാദിത്വം പൂർണമായി വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റേതാണെന്നും പ്രഥമാധ്യാപികയ്ക്ക് ഇക്കാര്യത്തിൽ പിഴവുണ്ടായിട്ടില്ലെന്നും സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെഡ്മിസ്ട്രസ് അഞ്ജു ഫിലിപ്പ് മാനേജർക്കു നൽകിയ വിശദീകരണം ഉൾപ്പെടെയാണ് പത്തനംതിട്ട ഉപഡയറക്ടർക്ക് മാനേജർ വിശദീകരണം നൽകിയത്.
എന്നാൽ മാനേജർ സ്വീകരിച്ച നടപടി സ്വീകാര്യമല്ലെന്ന മറുപടിയാണ് ഉപഡയറക്ടർ സ്വീകരിച്ചത്. പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന നിർദേശം പാലിക്കണമെന്ന തരത്തിലാണ് ഉപഡയറക്ടർ പ്രതികരിച്ചത്.
എയ്ഡഡ് സ്കൂളെന്ന നിലയിൽ സർക്കാർ നൽകിയ ഉത്തരവ് പാലിക്കാതിരുന്നാൽ മാനേജർക്കെതിരേ നീങ്ങാനുള്ള തയാറെടുപ്പിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഹൈക്കോടതി സ്റ്റേ ലഭിച്ചതോടെ ഇനി ഇതിനുള്ള സാധ്യത ഇല്ല.