പകർച്ചപ്പനി: ചികിത്സ തേടിയത് രണ്ടു ലക്ഷത്തോളം പേർ
Friday, August 8, 2025 2:24 AM IST
കണ്ണൂര്‍: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. രണ്ടാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 1,82,382 പേർ.
ജൂലൈ 19 മുതൽ ഈ മാസം അഞ്ചു വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 39 പേരാണു മരിച്ചത്. ഇതിൽ 25 പേർ എലിപ്പനി ബാധിച്ചാണു മരിച്ചത്. കൂടുതലും വൈറല്‍ പനിയാണു റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും എലിപ്പനി, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തുന്നവരും ഉണ്ട്. 789 പേർക്ക് ഡെങ്കിപ്പനിയും 183 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ആയിരത്തിലധികം ആളുകൾ ചികിത്സ തേടുന്നുണ്ട്. കൂടുതൽ ആളുകൾ പനി ക്കു ചികിത്സ തേടിയത് മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ്.
ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട്, ശരീരവേദന, തലവേദന എന്നിവയാണ് പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ. പല സ്ഥലങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതിയുള്ള കണക്കു പരിശോധിക്കുമ്പോള്‍ പനിക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വര്‍ധനവാണുള്ളത്. ചൊവ്വാഴ്ച മാത്രം 11013 പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്. പലർക്കും രണ്ടാം തവണയും പനിവരുന്നത് ആശങ്കയിലാഴ്ത്തുന്നുണ്ട്.
പനിക്ലിനിക്കുകൾ തുടങ്ങിയില്ല
ദിനംപ്രതി പനി ബാധിതരുടെ എണ്ണം വർധിക്കുന്പോഴും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് പനിക്ലിനിക്ക് തുടങ്ങാത്തതിലും രോഗികളിൽ അമർഷമുണ്ട്. അതേസമയം, സംസ്ഥാനത്തെ പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മതിയായ ഡോക്ടർമാരില്ലെന്നും പരാതി ഉയരുന്നുണ്ട്.
രണ്ട് ഡോക്ടർമാരുടെ സേവനം വേണ്ട സിഎച്ച്സികളിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. അതുകൊണ്ട് ഉച്ചവരെ മാത്രമാണ് ഒപിയുള്ളത്. ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ എത്തുന്നവർ ചികിത്സ ലഭിക്കാതെ മടങ്ങുന്നത് പതിവായിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് സിഎച്ച്സികളിലും പിഎച്ച്സികളിലും ചികിത്സതേടി എത്തുന്നത്.
പനിബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും മതിയായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
രോഗങ്ങളെ കരുതിയിരിക്കാം
രോഗകാരണങ്ങളുടെ അടിസ്ഥാനത്തില്‍ മഴക്കാല രോഗങ്ങളെ കൊതുക് ജന്യരോഗങ്ങള്‍, ജലജന്യരോഗങ്ങള്‍, മറ്റ് കാരണങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. മലേറിയ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, മലമ്പനി തുടങ്ങിയവയാണ് കൊതുകുജന്യരോഗങ്ങള്‍.
ടൈഫോയിഡ്, വയറിളക്കം, ചര്‍ദി, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവയാണ് ജലജന്യ രോഗങ്ങള്‍. വൃത്തിഹീനമായ ജലത്തിലൂടെയാണ് ഇവ പടര്‍ന്നു പിടിക്കുന്നത്. പനി, ജലദോഷം, വൈറല്‍ പനി എന്നിവയും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.