ലഹരിസംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും സംഘവും!
Friday, August 8, 2025 2:24 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരിസംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും സംഘവുമാണെന്നു ജയിൽ വകുപ്പിന്റെ റിപ്പോർട്ട്.
ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങൾക്ക് ഈ സംഘത്തിനു പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊടി സുനി, കിര്‍മാണി മനോജ്, ബ്രിട്ടോ എന്നീ തടവുപുള്ളികളാണു ജയിലിനകത്തും പുറത്തും ലഹരിമരുന്ന് വില്പനയ്ക്കു നേതൃത്വം നല്‍കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തവനൂര്‍ ജയിലിലേക്കു മാറ്റാനുള്ള നടപടികൾ തുടങ്ങി.
ജയിലിനകത്തും പുറത്തും ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വില്പനയും നടത്തുന്നുവെന്നാണ് ജയില്‍ വകുപ്പിന്റെ കണ്ടെത്തല്‍. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ കുറ്റവാളിയായ കിര്‍മാണി മനോജും കൊളശേരി വധക്കേസിലെ പ്രതി ബ്രിട്ടോയുമാണു കൂട്ടാളികളെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തവനൂര്‍ ജയിലില്‍നിന്ന്, ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആവശ്യത്തിനാണു കൊടി സുനിയെ കഴിഞ്ഞ ജനുവരിയില്‍ കണ്ണൂരിലേക്കു മാറ്റിയത്.
വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണു തവനൂരിലേക്കു മാറ്റിയത്. വിയ്യൂർ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരും സഹതടവുകാരുമായി സംഘർഷം ഉണ്ടാക്കിയതിന്റെ പേരിലായിരുന്നു ജയിൽമാറ്റം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേരത്തേ ലഭിച്ചിരുന്ന സൗകര്യങ്ങള്‍ വീണ്ടും ഉപയോഗിച്ചാണ് ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത്. ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെ ലഭിക്കുന്നുവെന്ന പരാതി ശരിവയ്ക്കുന്നതാണു ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് തവനൂരിലേക്കു മാറ്റാനുള്ള തീരുമാനം. കണ്ണൂരിലെ അനുകൂല സാഹചര്യം തവനൂരില്‍ കൊടി സുനിക്കു കിട്ടില്ലെന്നാണ് അനുമാനം.
ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ അന്തിമവാദം നടക്കുന്ന തലശേരി കോടതിയില്‍ പരസ്യമദ്യപാനം പുറത്തായതിന് ശേഷം കൊടി സുനിയെ കൊണ്ടുവന്നിട്ടില്ല. മുഹമ്മദ് ഷാഫി, കൊടി സുനി, ഷിനോജ് എന്നിവരുടെ വിചാരണ വീഡിയോ കോൺഫറൻസ് വഴിയാണു നടത്തുന്നത്. അതുകൊണ്ടുതന്നെ ജയില്‍മാറ്റം ഉണ്ടായാലും വിചാരണയ്ക്കു തടസമുണ്ടാകില്ല.
അതേസമയം, വയനാട്ടില്‍ പരോളില്‍ കഴിയവേ വ്യവസ്ഥകള്‍ സംഘിച്ച് കൊടി സുനി കര്‍ണാടകയിലേക്കു പോയത് ലഹരി സംഘങ്ങളുമായുള്ള ഇടപാടിനാണോ എന്ന കാര്യം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
ടി.പി. വധക്കേസിലെ പ്രതികളുടെ തലശേരി കോടതി പരിസരത്തെ മദ്യപാനത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നു ഡിജിപി റവാഡ ചന്ദ്രശേഖര്‍ കണ്ണൂരിൽ പറഞ്ഞിരുന്നു. ജയില്‍നിയമം ലംഘിച്ച കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, മദ്യപാന വിഷയത്തിൽ ഇതുവരെ കൊടി സുനിക്കെതിരേ തലശേരി പോലീസ് കേസെടുത്തിട്ടില്ലെങ്കിലും കെഎസ്യു നേതാക്കൾ നല്കിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.