ഓണാഘോഷം: പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കാൻ നിർദേശം
Friday, August 8, 2025 2:24 AM IST
തിരുവനന്തപുരം: ഓണാഘോഷം പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്തുമെന്ന് ഉറപ്പാക്കാൻ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്കും മറ്റ് ഏജൻസികൾക്കും നിർദേശം നല്കി.
പൂക്കളങ്ങൾക്കും കൊടിതോരണങ്ങൾക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കരുത്. സ്ഥാപനങ്ങളിലും ഓഫീസുകളിലും ഓണാഘോഷം സംഘടിപ്പിക്കുന്പോൾ പ്ലാസ്റ്റിക് ഇല, പ്ലേറ്റ്, കപ്പുകൾ എന്നിവ ഒഴിവാക്കണം.
വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ആരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളോ കപ്പുകളോ പ്ലേറ്റുകളോ സാധനങ്ങളും ആഹാരപദാർഥങ്ങളും നല്കാനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ തദ്ദേശഭരണവകുപ്പ് നിർദേശിച്ചു.
‘മഹാബലി വൃത്തിയുടെ ചക്രവർത്തി’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ സർക്കാർ ഓണത്തിന് ഒരുങ്ങുന്നത്. ഓണത്തിനു മുന്നോടിയായി ശുചീകരണയജ്ഞം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ ഓഗസ്റ്റിലെ മൂന്നാം ശനിയാഴ്ച എല്ലാ പൊതുഇടങ്ങളും വൃത്തിയാക്കാൻ ജനകീയ യജ്ഞം സംഘടിപ്പിക്കും.
സംസ്ഥാനത്തൊട്ടാകെ പൊതുജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണം ഉറപ്പാക്കും.
ഹരിത ചട്ടങ്ങൾ പാലിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ, കലാ, കായിക ക്ലബ്ബുകൾ എന്നിവയ്ക്ക് തദ്ദേശ അടിസ്ഥാനത്തിൽ പുരസ്കാരം നൽകാനും തീരുമാനമായിട്ടുണ്ട്.
മികച്ച ക്ലബ്ബുകൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വം നൽകുന്ന എൻഫോഴ്സ്മെന്റ് സമിതിയുടെ ശിപാർശ പ്രകാരം ഹരിത സർട്ടിഫിക്കറ്റും നൽകും. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പഞ്ചായത്തിനും നഗരസഭയ്ക്കും പ്രത്യേകം പുരസ്കാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്.