മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തിക: ‘അധികച്ചെലവ്’ വേണ്ടെന്നു ധനവകുപ്പ്
Friday, August 8, 2025 2:24 AM IST
റെനീഷ് മാത്യു
കണ്ണൂർ: മോട്ടോർ വാഹനവകുപ്പിലെ പുതിയ തസ്തികകൾക്കു ധനകാര്യവകുപ്പിന്റെ കുരുക്ക്. കഴിഞ്ഞ ദിവസം ധനകാര്യവകുപ്പ് സെക്രട്ടറി വിളിച്ചുചേർത്ത ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുടെ യോഗത്തിലാണു പുതിയ തസ്തികകൾ ഉടൻ സൃഷ്ടിക്കേണ്ടെന്നു നിർദേശിച്ചത്. പുതുതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ എന്നീ തസ്തികകൾ ആവശ്യമില്ലെന്നാണു യോഗത്തിൽ നിർദേശം ഉയർന്നത്.
എന്നാൽ, രണ്ട് ക്ലാർക്ക് മാത്രമുള്ള ആറ് സബ് ഓഫീസുകളിലും മിനിസ്റ്റീരിയൽ തസ്തിക ഇല്ലാത്ത 14 എൻഫോഴ്സ്മെന്റ് ആർടി ഓഫീസുകളിലും തസ്തികകൾ സൃഷ്ടിക്കാമെന്നുള്ള ട്രാൻസ്പോർട്ട് കമ്മീഷണറുടെ ആവശ്യത്തിനു ധനകാര്യവകുപ്പ് സെക്രട്ടറി അനുമതി നല്‍കിയതായാണു സൂചന.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാനുള്ള പുതിയ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചതോടെയായിരുന്നു പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കമുണ്ടായത്. ഇക്കാര്യം ദീപിക പ്രസിദ്ധീകരിച്ചിരുന്നു.
നികുതി ചോർച്ച തടയാൻ എന്ന പേരിൽ ടാക്സ് ഇന്റലിജൻസ് വിംഗ്, റോഡപകടങ്ങൾ കുറയ്ക്കാൻ എൻഫോഴ്സ്മെന്റിലേക്കു പുതിയ നിയമനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ആർടിഒ, സബ് ആർടി ഓഫീസുകളിലേക്ക് കൂടുതൽ ജീവനക്കാരുടെ നിയമനം ഇങ്ങനെയായിരുന്നു പ്രപ്പോസൽ. എൻഫോഴ്സ്മെന്റ്- 722, ടാക്സ് ഇന്റലിജൻസ്-52, ഡ്രൈവിംഗ് ടെസ്റ്റ്-351 എന്നിങ്ങനെ 1125 പേരെ നിയമിക്കാനാണു ശിപാർശ നല്‍കിയത്.