ആള്‍ക്കൂട്ട അതിക്രമങ്ങളെ ഇരുമ്പുമുഷ്ടിക്ക് പോലീസ് കൈകാര്യം ചെയ്യണം: കോടതി
Friday, August 8, 2025 2:24 AM IST
കൊച്ചി: ജനക്കൂട്ടാധിപത്യം അനുവദിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും അവസാനത്തിന്റെ തുടക്കമാണെന്നു ഹൈക്കോടതി.
ഇത്തരം ആള്‍ക്കൂട്ട അതിക്രമങ്ങളെ ഇരുമ്പുമുഷ്ടി ഉപയോഗിച്ചു പോലീസ് കൈകാര്യം ചെയ്യണമെന്നും കോടതി പറഞ്ഞു. ഓരോ പൗരനും ഭരണഘടനയെ മാനിക്കുകയും നിയമവാഴ്ച പാലിക്കുകയും വേണമെന്നും ജസ്റ്റീസ് എന്‍. നഗരേഷ് വ്യക്തമാക്കി.
കിഴക്കമ്പലം ബസ് സ്റ്റാൻഡിന്റെ നവീകരണ ജോലികള്‍ക്കു പോലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കെ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം തടഞ്ഞു സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയും സ്വന്തമായി മറ്റൊരു ബസ് ഷെല്‍ട്ടറുണ്ടാക്കി ഗതാഗതം നിയന്ത്രിക്കുകയും ചെയ്ത മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടത്തിന്റെ നടപടിയെത്തുടർന്നാണു പണി പൂര്‍ത്തിയാക്കാന്‍ പോലീസ് സംരക്ഷണം തേടി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.
ജോലി നടക്കുമ്പോള്‍ അതു പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്യുമെന്നതിനാലാണു സ്റ്റാൻഡിലേക്ക് പ്രവേശനം അനുവദിക്കാത്തത്. ഇതിനിടെയാണു ജൂലൈ നാലിന് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അതിക്രമങ്ങൾ അരങ്ങേറിയത്.
തദ്ദേശസ്ഥാപനത്തിന്റെ അധികാരം മാത്രമല്ല, മോട്ടോര്‍ വാഹന വകുപ്പിന്റെ അധികാരപരിധിയിലുള്ള ഗതാഗത നിയന്ത്രണം പോലും അവര്‍ ഏറ്റെടുത്തു. ഒരു പൊതുസ്ഥലത്തിന്റെ നിയന്ത്രണമാണ് ആള്‍ക്കൂട്ടത്തിന്റെ കൈയിലായത്.
ഒരു പഞ്ചായത്തിന്റെ ഭരണം ആള്‍ക്കൂട്ടം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ ഏറ്റെടുക്കാന്‍ ശ്രമിച്ചേക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ബസ് സ്റ്റാൻഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്കാന് റൂറല്‍ എസ്പിക്കും കുന്നത്തുനാട് എസ്എച്ച്ഒക്കും കോടതി നിര്‍ദേശം നല്‍കിയത്.