മെട്രോ റെയിൽവേ ട്രാക്കിൽനിന്നു ചാടിയ യുവാവ് മരിച്ചു
Friday, August 8, 2025 2:24 AM IST
തൃപ്പൂണിത്തുറ: സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് കൊച്ചി മെട്രോ റെയില്‍വേ ട്രാക്കിനു മുകളില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകന് നിസാര്‍ (32) ആണു മരിച്ചത്. വടക്കേക്കോട്ട സ്റ്റേഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു 2.10 ഓടെയായിരുന്നു സംഭവം.
വടക്കേക്കോട്ടയില്നിന്നു തൃപ്പൂണിത്തുറയ്ക്ക് ടിക്കറ്റെടുത്തശേഷം ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോമില്‍ കടന്ന യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാമുന്നറിയിപ്പുകള്‍ മറികടന്ന് ട്രാക്കിനു മുകളിലെ വയഡക്ടില്‍ പ്രവേശിച്ചത്. മെട്രോയുടെ സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. നിരോധിതമേഖലയില്‍ യുവാവിനെ കണ്ടതോടെ മെട്രോ അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തി.
പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയപ്പോഴേക്കും താഴേക്കു ചാടാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്. നാട്ടുകാരും ഉദ്യോഗസ്ഥരും യുവാവിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
യുവാവ് ചാടിയാല്‍ താഴെ വീഴാതിരിക്കാനായി അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വലവിരിച്ചു നിൽക്കവെ, രണ്ട് ഉദ്യോഗസ്ഥര്‍ യുവാവിനെ അനുനയിപ്പിക്കാനായി ട്രാക്കിലൂടെ നടന്ന് അടുത്തെത്തിയപ്പോഴേക്കും വലയുടെ ഭാഗത്തുനിന്ന് മാറി യുവാവ് താഴേക്കു ചാടുകയായിരുന്നു.
തലയിടിച്ചു വീണ് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെത്തുടര്‍ന്ന് 40 മിനിറ്റോളം മെട്രോ സര്‍വീസ് തടസപ്പെട്ടു.
അന്വേഷണം പ്രഖ്യാപിച്ച് കെഎംആര്‍എല്‍
കൊച്ചി: സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് അതീവസുരക്ഷാ മേഖലയില്‍ യാത്രക്കാരന് പ്രവേശിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കു വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഡയറക്ടര്‍ സിസ്റ്റംസിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം നടത്തും. സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.