സാങ്കേതിക സർവകലാശാലാ ബജറ്റ്: പ്രത്യേക സിൻഡിക്കറ്റ് യോഗം വിളിച്ച് വിസി
Friday, August 8, 2025 2:24 AM IST
തിരുവനന്തപുരം: സർക്കാർ നല്കിയ പാനൽ മറികടന്ന് ഗവർണർ സ്വന്തം നിലയ്ക്ക് താത്കാലിക വൈസ് ചാൻസലറെ നിയമിച്ചതിനെത്തുടർന്ന് സർക്കാരും വിസിയും രൂക്ഷമായ അഭിപ്രായഭിന്നത നിലനില്ക്കുന്ന സാങ്കേതിക സർവകലാശാലയിൽ ബജറ്റ് പാസാക്കാനായി പ്രത്യേക സിൻഡിക്കറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ.
13 നാണ് യോഗം വിളിച്ചിട്ടുള്ളത്. എന്നാൽ, യോഗത്തിൽ സിൻഡിക്കറ്റ് അംഗങ്ങൾ ബജറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസം കെടിയു ഫിനാൻസ് കമ്മിറ്റി യോഗം ക്വാറം തികയാത്തതിനെത്തുടർന്നു ചേരാൻ കഴിഞ്ഞിരുന്നില്ല. കോറം തികയാൻ ആകെയുള്ള 14 പേരിൽ അഞ്ചുപേരെങ്കിലും വേണമായിരുന്നു. എന്നാൽ നാലു പേർ മാത്രമാണ് എത്തിയത്. നിലവിൽ ബജറ്റ് പാസാക്കാൻ കഴിയാത്തതിനാൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ് സർവകലാശാല.
ഇ ഗവേണ്സ് പദ്ധതി സേവന ദാതാക്കൾക്കു ലൈൻസൻസ് ഫീസ്, ഇന്റർനെറ്റ് ഫീസ് തുടങ്ങിയവയെല്ലാം കുടിശികയായി. പൂർണമായും ഡിജിറ്റൽ രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാല ഇന്റർനെറ്റ് ഫീസ് ഉൾപ്പെടെ നല്കാതെ വന്നാൽ സർവകലാശാലയുടെ പ്രവർത്തനങ്ങൾ തന്നെ താളം തെറ്റും. നിലവിൽ വിവിധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ നടക്കുന്ന സമയമാണ്.
തപാൽ വകുപ്പിനും പണം നല്കാനുണ്ട്. കൂടാതെ സർവകലാശാല വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പോലും പണമില്ലാത്ത സാഹചര്യമാണുള്ളത്. സർക്കാരും ഗവർണറും തമ്മിലുള്ള ചേരിപ്പോര് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിദ്യാർഥികളെയാണ്. ഇതിനു പരിഹാരം വേണമെന്ന ആവശ്യമാണ് വിദ്യാർഥികൾ മുന്നോട്ടു വയ്ക്കുന്നത്. ശന്പളവും പെൻഷനും പ്രതിസന്ധിയിലായതോടെ ജീവനക്കാരും കടുത്ത പ്രതിഷേധത്തിലാണ്.