സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന
Friday, August 8, 2025 2:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ ’സെക്വർ ലാൻഡ്’ എന്നപേരിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മറ്റു സേവനങ്ങൾക്കും ആധാരമെഴുത്തുകാർ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന രാത്രി വൈകിയും തുടരുകയാണ്.
ആധാരം രജിസ്ട്രേഷനടക്കം വിവിധ സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായാണു വിജിലൻസിനു ലഭിച്ച വിവരം.
ഏതു സബ് രജിസ്ട്രാർ ഓഫീസിലും ഭൂമി രജിസ്ട്രേഷൻ നടത്താമെന്നതും അഴിമതിക്കാർ മുതലെടുക്കുന്നു. ഇതിന്റെ മറവിൽ ഫ്ലാറ്റുകളും വില കുറച്ചു കാട്ടി രജിസ്ട്രേഷൻ ഫീസ്, സ്റ്റാന്പ് ഡ്യൂട്ടി ഇനത്തിൽ വൻ വെട്ടിപ്പ് നടക്കുന്നുണ്ട്.