സംഘപരിവാറിന്റെ ക്രൈസ്തവവേട്ട അവസാനിപ്പിക്കണം: സീറോമലബാർ സഭ
Friday, August 8, 2025 2:24 AM IST
കൊച്ചി: സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദള് മലയാളി കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച സംഭവത്തിൽ സീറോമലബാർ സഭ ശക്തമായി പ്രതിഷേധിച്ചു.
സംഭവസ്ഥലത്തു പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല എന്നതു നിയമസംവിധാനങ്ങളെ വർഗീയശക്തികൾ നിയന്ത്രിക്കുന്നതിന്റെ തെളിവാണെന്ന് സീറോമലബാർ സഭാ പിആർഒ റവ.ഡോ. ടോം ഓലിക്കരോട്ട് അഭിപ്രായപ്പെട്ടു.
ഛത്തീസ്ഗഡിൽ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും ഇവർക്കെതിരേ എടുക്കാൻ തയാറാകാത്തതാണ് വീണ്ടും അഴിഞ്ഞാടാനും ക്രൈസ്തവ ന്യൂനപക്ഷത്തെ ആക്രമിക്കാനും പരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾമൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്ന വർഗീയ സംഘങ്ങൾ ഭാരതത്തിന്റെ മതേതരസ്വഭാവത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തു ക്രൈസ്തവർക്കു നേരേ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുകയും ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും ഫാ. ഓലിക്കരോട്ട് ആവശ്യപ്പെട്ടു.