കർണാടകയിൽ തെലുങ്കുതാരങ്ങളുടെ ആരാധകർ ഏറ്റുമുട്ടി: ഒരാൾ മരിച്ചു
കർണാടകയിൽ തെലുങ്കുതാരങ്ങളുടെ  ആരാധകർ ഏറ്റുമുട്ടി: ഒരാൾ മരിച്ചു
Thursday, August 25, 2016 1:05 PM IST
കോലാർ: കർണാടകയിലെ കോലാറിൽ തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളുടെ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റു മരിച്ചു. പവർസ്റ്റാർ എന്നറിയപ്പെടുന്ന പവൻ കല്യാണിന്റെയും ജൂണിയർ എൻടിആറിന്റെയും ആരാധകർ ബുധനാഴ്ച രാത്രിയാണു നഗരത്തിലെ ഒരു ഹോട്ടലിൽ ഏറ്റുമുട്ടിയത്. പവൻ കല്യാണിന്റെ ആരാധകനും തിരുപ്പതി സ്വദേശിയുമായ വിനോദ് റോയൽ (24) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ജൂണിയർ എൻടിആറിന്റെ ആരാധകനെ പോലീസ് അറസ്റ്റ് ചെയ്തു.

കോലാറിൽ നടത്തിയ അവയവദാന ക്യാമ്പിനിടെയാണു പ്രശ്നങ്ങളുടെ തുടക്കം. പവൻകല്യാണിന്റെ രാഷ്ട്രീയപാർട്ടിയായ ജനസേവയുടെ പ്രവർത്തകൻകൂടിയാണു വിനോദ്. ചടങ്ങിൽ താരത്തെ അനുകൂലിക്കുന്ന മുദ്രാവാക്യം മുഴക്കിയത് എൻടിആർ ജൂണിയർ ആരാധകർക്കു ദഹിച്ചില്ല. രാത്രിയോടെ താരങ്ങളുടെ ആരാധകർ ഒരു ഹോട്ടലിൽവച്ച് ഏറ്റുമുട്ടി. ഇതിനിടെയാണ് വിനോദിനു കുത്തേറ്റത്. ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പവൻ കല്യാൺ ഇന്നലെ തിരുപ്പതിയിലെത്തി ആരാധകന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.