നായ്ക്കളുടെ നരനായാട്ട്: കേരളത്തിനെതിരേ പ്രശാന്ത് ഭൂഷൺ
നായ്ക്കളുടെ നരനായാട്ട്: കേരളത്തിനെതിരേ പ്രശാന്ത് ഭൂഷൺ
Thursday, August 25, 2016 1:22 PM IST
ന്യൂഡൽഹി: തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ സുപ്രീംകോടതിയുടെ അടിയന്തര ശ്രദ്ധയിൽ പെടുത്തി കേരളത്തിനെതിരേ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന് മുതിർന്ന അഭിഭാഷൻ പ്രശാന്ത് ഭൂഷൺ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വസ്തുതകൾ വിലയിരുത്താതെയാണ് തെരുവുനായ്ക്കളെ കൊന്നൊടുക്കുമെന്ന് സംസ്‌ഥാന മന്ത്രിമാരായ കെ.ടി. ജലീലും കെ. രാജു വും പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ഇത്തരമൊരു നടപടിയുമായി മുന്നോട്ടു പോയാൽ അത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കത്തിൽ പറയുന്നു.

നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കരുതെന്ന് 2015 നവംബറിലും ഈ വർഷം മാർച്ചിലും സുപ്രീംകോടതി വ്യക്‌തമാക്കിയിട്ടുള്ളതാണ്. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചാൽ, മൃഗക്ഷേമ ബോർഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പങ്കാളിത്തത്തോടെ തദ്ദേശ സ്‌ഥാപനങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് വന്ധ്യംകരണം നടത്തണമെന്നാണ് കോടതി നിർദേശിച്ചിട്ടുള്ളത്. തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ വിശ്വസനീയമല്ല. കേരളത്തിൽ വിനോദസഞ്ചാര സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നിക്ഷിപ്ത താത്പര്യമുള്ള ചിലരാണ് വാർത്തകൾ സൃഷ്‌ടിക്കുന്നത്. വളരെ സംയമനത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തെ പെരുപ്പിച്ചു കാണിക്കുകയാണ്. നായ്ക്കളെ കൊന്നൊടുക്കിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മുമ്പ് ഇതേ രീതി നടപ്പാ ക്കിയ ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ തന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.