അന്തർവാഹിനി രഹസ്യചോർച്ച: പുറത്തായ രേഖകൾ മോഷ്‌ടിച്ചത്
അന്തർവാഹിനി രഹസ്യചോർച്ച: പുറത്തായ രേഖകൾ മോഷ്‌ടിച്ചത്
Thursday, August 25, 2016 1:25 PM IST
ന്യൂഡൽഹി/ മെൽബൺ/പാരീസ്: ഫ്രഞ്ച് സഹായത്തോടെ ഇന്ത്യ നിർമിക്കുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനികളെപ്പറ്റിയുള്ള കൂടുതൽ രഹസ്യരേഖകൾ പുറത്തുവിട്ടു. ദി ഓസ്ട്രേലിയൻ പത്രം ആദ്യദിവസം പുറത്തുവിടാതിരുന്നതും കൂടുതൽ രഹസ്യവിവരങ്ങൾ അടങ്ങിയതുമായ രേഖകളാണ് ഇപ്പോൾ പരസ്യപ്പെടുത്തിയത്. 2013–ൽ തയാറാക്കിയ രേഖകളും പത്രം വെബ്സൈറ്റിൽ നല്കി.

അന്തർവാഹിനിയുടെ ഡിസൈനും മറ്റും തയാറാക്കിയ ഫ്രഞ്ച് കമ്പനി ഡിസിഎൻഎസിലെ ജോലിക്കാരനായിരുന്ന ഒരു മുൻ ഫ്രഞ്ച് നാവിക ഓഫീസർ രേഖകൾ മോഷ്ടിച്ചതായാണു ഫ്രഞ്ച് പ്രതിരോധവകുപ്പിന്റെ നിഗമനം. രേഖകൾ യാദൃച്ഛികമായി പുറത്തായതോ ചാരന്മാർ ചോർത്തിയതോ അല്ല. മറിച്ച് വിറ്റു കാശാക്കാൻ മോഷ്ടിച്ചതാണ് എന്നാണു പ്രാഥമിക വിലയിരുത്തൽ. 2011–ൽ ആണു ചോർത്തൽ നടന്നതെന്ന ധാരണ മാറ്റിക്കൊണ്ട് 2013 ലെ കടലാസുകളും പുറത്തുവന്നവയിൽ ഉണ്ട്.

‘ദി ഓസ്ട്രേലിയൻ’ എന്ന പത്രത്തിന് 22,400 പേജ് രേഖകളാണു ലഭിച്ചത്. അവയിൽ അതീവരഹസ്യമല്ലാത്തവ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ബാക്കിയുള്ളവയിൽ കുറേ ഇന്നലെ വെബ്സൈറ്റിൽ ഇട്ടു.

ഇന്ത്യയിൽ അന്തർവാഹിനിയുടെ പ്രവർത്തനം പരിശീലിപ്പിക്കാൻ വന്ന ഒരു മുൻ നാവിക ഓഫീസറാണു രേഖകൾ കടത്തിയതെന്നാണ് അഭ്യൂഹം. ഇയാളെ ഡിസിഎൻഎസ് കമ്പനി പിരിച്ചുവിട്ടിരുന്നു. പുറത്തായ രേഖകളിൽ സുപ്രധാന രഹസ്യങ്ങൾ ഇല്ലെന്ന ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ വാദം രേഖകൾ പുറത്തുവിട്ട ദി ഓസ്ട്രേലിയൻ അസോസിയേറ്റ് എഡിറ്റർ കാമറോൺ സ്റ്റ്യുവർട്ട് തള്ളിക്കളഞ്ഞു. പത്രം വെബ്സൈറ്റിൽ ചില ഭാഗങ്ങൾ വായിക്കാനാവാത്തവിധം കറുപ്പിച്ച് ഇട്ടതേയുള്ളൂ. പുറത്തായ രേഖകളിൽ ഒന്നും മറച്ചുവച്ചിട്ടില്ല. മുങ്ങിക്കപ്പൽ ഏതു തരംഗായതി (ഫ്രീക്വൻസി) യിലാണ് വാർത്താവിനിമയം നടത്തുന്നത് എന്നതു പോലുള്ള അതീവ രഹസ്യവിവരങ്ങൾ പുറത്തായവയിൽ പെടുന്നു.


നിലവിലുള്ള 14 അന്തർവാഹിനികളിൽ പകുതിയിലേറെ കാലപ്പഴക്കം ചെന്നവയാണ്. ഇവയ്ക്കു പകരമാണ് ആറു സ്കോർപീനുകൾ വാങ്ങാൻ തീരുമാനിച്ചത്. അതിലെ വാർത്താവിനിമയ സംവിധാനവും ആയുധ സംവിധാനവും നിരീക്ഷണ സംവിധാനവും സംബന്ധിച്ച രഹസ്യ വിവരങ്ങളാണു പുറത്തായിരിക്കുന്നത്. ഇനി ഇവയെല്ലാം മാറ്റി സംവിധാനം ചെയ്യണം. അതിനു വർഷങ്ങൾ പലതു വേണ്ടിവരും.

<ആ>മുങ്ങിക്കപ്പൽ വ്യൂഹ പദ്ധതി വൈകും

സ്കോർപീൻരേഖകൾ പുറത്തായത് ഇന്ത്യ മുങ്ങിക്കപ്പൽ വ്യൂഹം തയാറാക്കുന്നതിനു കനത്ത തിരിച്ചടിയാകും. ചൈനയും മറ്റും നാവികശേഷിയിൽ ഏറ്റവും പ്രാധാന്യം കല്പിക്കുന്നതു മുങ്ങിക്കപ്പൽ വ്യൂഹം ബലപ്പെടുത്തുന്നതിനാണ്. ശത്രുവിന്റെ നിരീക്ഷണത്തിൽപ്പെടാതെ വെള്ളത്തിനടിയിൽ കഴിയുന്ന മുങ്ങിക്കപ്പലിനെ ഓരോ രാജ്യവും രണ്ടാം തിരിച്ചടിക്കുള്ള സുപ്രധാന സംവിധാനമായാണു കരുതുന്നത്. കരയിലും ആകാശത്തുമുള്ള സൈനിക സംവിധാനങ്ങൾ തകർക്കപ്പെട്ടാലും കടലിനടിയിലൂടെ ആരുമറിയാതെ ചെന്നു ശത്രുവിനു വലിയ പ്രഹരമേൽപ്പിക്കാൻ ഇതുകൊണ്ടു കഴിയും. വിമാനവാഹിനിക്കപ്പൽ പോലെ സംരക്ഷണത്തിനു ചുറ്റുപാടും കപ്പൽ വ്യൂഹം ആവശ്യമില്ല.

മിസൈലുകളും നശീകരണികളും ടോർപിഡോകളും ഒക്കെയായി നീങ്ങുന്ന ഒരു ചെറു സൈനികദളം തന്നെയാണ് ഓരോ അന്തർവാഹിനിയും. ഇന്ത്യയുടേതുപോലെ ഭൂമധ്യരേഖയ്ക്കടുത്തുള്ള സമുദ്രങ്ങളിൽ ഉപഗ്രഹനിരീക്ഷണത്തിനു പോലും പിടികൊടുക്കില്ല അന്തർവാഹിനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.